ആറ്റിങ്ങൽ നെടുങ്ങണ്ട സ്വദേശിയായ റഹീമിന് ഭിന്നശേഷി സൗഹൃദ വാഹനം മുഖ്യമന്ത്രി പിണറായി വിജയൻ കൈമാറി. ബുധനാഴ്ച രാവിലെ സെക്രട്ടേറിയറ്റ് നോർത്ത് ബ്ളോക്കിന് മുന്നിൽ വച്ചാണ് വാഹനം മുഖ്യമന്ത്രി നൽകിയത്.

കഴിഞ്ഞ ഫെബ്രുവരി 27ന് റഹീം സെക്രട്ടേറിയറ്റിലെത്തി മുഖ്യമന്ത്രിയെ കണ്ടിരുന്നു. വെല്ലുവിളികൾ നിറഞ്ഞ തന്റെ ജീവിതത്തിന് ആശ്രയമായി ഒരു ഭിന്നശേഷി സൗഹൃദ വാഹനമായിരുന്നു റഹീമിന്റെ ആവശ്യം. ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയിരുന്നു. ഐ. ടി സ്ഥാപനമായ way.com ന്റെ സാമൂഹ്യ ഉത്തരവാദിത്വ ഫണ്ടിൽ നിന്നുള്ള തുക ഉപയോഗിച്ചാണ് വാഹനം വാങ്ങിയത്. ഏറെ സന്തോഷത്തോടെയാണ് റഹീം വാഹനം മുഖ്യമന്ത്രിയിൽ നിന്ന് ഏറ്റുവാങ്ങിയത്.  കേരളത്തിലെ മുഴുവൻ ഭിന്നശേഷിക്കാരും നിറചിരിയോടെയും സംതൃപ്തിയോടെയും ജീവിക്കുന്നതിനാവശ്യമായ നടപടികളാണ് സർക്കാർ സ്വീകരിക്കുന്നത്. ക്രിയാത്മകമായ ഭിന്നശേഷി സൗഹൃദ സംസ്ഥാനമാക്കി കേരളത്തെ മാറ്റിത്തീർക്കാൻ ഒന്നിച്ചു നിൽക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.