ആധുനികവത്ക്കരണത്തിലൂടെ കേരളത്തിലെ കശുവണ്ടി മേഖലയെ രാജ്യാന്തര നിലവാരത്തിൽ എത്തിക്കുമെന്ന് ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ. സംസ്ഥാന കശുവണ്ടി വികസന കോർപ്പറേഷന്റെ പരുത്തുംപാറയിലെ നവീകരിച്ച ഫാക്ടറി സമുച്ചയത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.

കശുവണ്ടിയുടെ തനത് രുചി നിലനിർത്തിയാണ് കേരളത്തിലെ സംസ്കരണ രീതി. ചെലവ് കുറച്ച് വേഗത്തിൽ പ്രക്രിയ പൂർത്തിയാക്കുന്നതിനുള്ള സംവിധാനങ്ങളിലേക്കാണ് ഇനി പോകുന്നത്. ഇത് ഉൾപ്പെടെ ഫാക്ടറികളുടെ നവീകരണ പ്രവർത്തനങ്ങൾക്കായി 58 കോടി രൂപയാണ് വകയിരുത്തുന്നത്.
രണ്ട് വർഷം കൊണ്ട് 11 വർഷത്തെ ഗ്രാറ്റുവിറ്റി കുടിശികയാണ് തൊഴിലാളികൾക്ക് വിതരണം ചെയ്തത്.
ഓണക്കാലത്ത് 80 ലക്ഷം ഭക്ഷ്യകിറ്റുകളിൽ കശുവണ്ടി പാക്കറ്റ് കൂടി ഉൾപ്പെടുത്തിയത് മേഖലയുടെ പുനരുജീവനം ലക്ഷ്യമിട്ടായിരുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.

കശുവണ്ടി വികസന കോർപ്പറേഷൻ ചെയർമാൻ എസ് ജയമോഹൻ അധ്യക്ഷനായി. എഴുകോൺ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രതീഷ് കിളിത്തട്ടിൽ, കാപക്സ് എം ഡി രാജേഷ് രാമകൃഷ്ണൻ, കശുവണ്ടി തൊഴിലാളി ആശ്വാസ ക്ഷേമനിധി ബോർഡ് ചെയർമാൻ കെ സുഭഗൻ, ജനപ്രതിനിധികൾ, തൊഴിലാളി യൂണിയൻ നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.