പ്രശസ്ത ഗായകൻ അലോഷിയുടെ ഗസൽ ഈണത്തിൽ എന്റെ കേരളം പ്രദർശന വിപണന മേളയുടെ വേദിയായ മറൈൻ ഡ്രൈവും പരിസരവും മതിമറന്നു. ബുധനാഴ്ച വൈകിട്ട് ഏഴരയ്ക്ക് ആരംഭിച്ച ഗസൽ സന്ധ്യ രണ്ട് മണിക്കൂറോളം ജനത്തെ ആസ്വാദനത്തിന്റെ നെറുകയിൽ എത്തിക്കുകയായിരുന്നു.

ഗസൽ പ്രേമികൾ മാത്രമല്ല സാധാരണ പ്രേക്ഷകർ വരെ ആ സ്വര മാധുര്യത്തിൽ അലിഞ്ഞുചേർന്നു. ഒപ്പം മൂളിയും, കൈയടിച്ചും, തലയാട്ടിയും അവർ ഗായകനൊപ്പം കൂടി. ഓരോ ഗാനവും കഴിയുന്തോറും കരഘോഷവും ആരവങ്ങളും കൂടുതൽ കൂടുതൽ ഉയർന്നുവന്നു.

പ്രേക്ഷകരോട് സംവദിച്ചും കളിപറഞ്ഞും മുൻപോട്ട് പോയ സംഗീത വിരുന്ന്, തീർന്നതേ അറിഞ്ഞില്ല എന്ന് അടക്കം പറഞ്ഞാണ് പലരും വേദി വിട്ടത്.

സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് ഏപ്രില്‍ എട്ടു വരെ നടക്കുന്ന മേളയില്‍ ഏപ്രിൽ ഏഴിനൊഴികെ എല്ലാ ദിവസവും വൈകിട്ട് പ്രമുഖ കലാകാരന്മാർ അണിനിരക്കുന്ന സാംസ്‌കാരിക പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. ഏപ്രില്‍ ആറിന് ആട്ടം ചെമ്മീന്‍ ബാന്‍ഡിന്റെ ഫ്യൂഷന്‍ പരിപാടി, ഏപ്രില്‍ എട്ടിന് ഗിന്നസ് പക്രുവിന്റെ മെഗാ ഷോ തുടങ്ങിയ പരിപാടികളാണ് നടക്കുക.