മറൈൻ ഡ്രൈവിൽ നടന്നുവരുന്ന എന്റെ കേരളം മെഗാ പ്രദർശന വിപണന മേളയുടെ വേദിയും സ്റ്റാളുകളും പൂർണമായും പ്രവർത്തിക്കുന്നത് ഹരിത വൈദ്യുതിയിലാണ്. സാധാരണയായി ഇത്തരം താൽക്കാലിക വേദിയിൽ വലിയ മേളകൾ നടക്കുമ്പോൾ ഡീസൽ ജനറേറ്റുകളാണ് വൈദ്യുത സ്രോതസായി ഉപയോഗിക്കാറുള്ളത്.

എന്നാൽ മറൈൻ ഡ്രൈവിൽ കെ.എസ്.ഇ.ബി 2018 മുതൽ പ്രത്യേക ക്രമീകരണം ഒരുക്കിയിട്ടുണ്ട്. ഇതുവഴി ഇത്തരം പരിപാടികൾ നടക്കുമ്പോൾ താൽക്കാലിക കണക്ഷൻ കൊടുക്കാൻ കഴിയും. ഇതിനായി 990 കെ.വി.എ ശേഷിയുള്ള രണ്ട് ട്രാൻസ്ഫോർമറുകളാണ് നിലവിൽ ഇവിടെ ക്രമീകരിച്ചിട്ടുള്ളത്. എന്റെ കേരളം മേളയ്ക്ക് പരമാവധി ഒരു ദിവസം 1200 കിലോ വാട്ട് വൈദ്യുതി ലഭിക്കത്തക്ക വിധത്തിലാണ് കണക്ഷൻ നൽകിയിട്ടുള്ളത്. ഒരു നിമിഷം പോലും തടസമില്ലാതെയാണ് ഈ കണക്ഷൻ വഴി വൈദ്യുതി ലഭ്യമാക്കുന്നത്.

അതേ സമയം ഡീസൽ ജനറേറ്ററാണ് എങ്കിൽ ഇത്രയും വൈദ്യുതി ഉത്പാദിപ്പിക്കാൻ 500 കെ.വിയുടെ അഞ്ച് ഡീസൽ ജനറേറ്ററുകൾ വേണ്ടിവരുമെന്ന് കെ.എസ്.ഇ. ബി അധികൃതർ പറഞ്ഞു. ഇത്രയും ജനറേറ്റുകൾ എട്ട് ദിവസം പ്രവർത്തിക്കുമ്പോൾ ഉണ്ടാകുന്ന അന്തരീക്ഷ മലിനീകരണത്തിന്റെ തോത് വളരെ വലുതായിരിക്കും. ഒപ്പം കെ.എസ്.ഇ.ബി വൈദ്യുതിയെ അപേക്ഷിച്ച് ചെലവ് നാലിരട്ടിയാവുകയും ചെയ്യും. അതേ സ്ഥാനത്താണ് ഇപ്പോൾ മലിനീകരണമില്ലാതെ കൃത്യതയോടെ കെ.എസ്.ഇ.ബി വൈദ്യുതി എത്തിക്കുന്നത്.