ഭൂമിയുടെ സർവ്വേ സംബന്ധമായ സംശയ നിവാരണത്തിന് അവസരം ഒരുക്കുകയാണ് എന്റെ കേരളം മെഗാ പ്രദർശന വിപണന മേളയിൽ സർവേയും ഭൂരേഖയും വകുപ്പ്. മേളയിലെ 31ാം നമ്പർ സ്റ്റാളിൽ എത്തുന്നവർക്ക് ഡിജിറ്റൽ സർവേയെ കുറിച്ച് വ്യക്തമായ വിവരം ലഭിക്കും.

എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട് എന്ന ലക്ഷ്യവുമായി സംസ്ഥാനത്തെ 1550 വില്ലേജുകളിൽ ഡിജിറ്റൽ സർവേ രേഖകൾ നാലുവർഷംകൊണ്ട് തയ്യാറാക്കുന്നതിനുള്ള പദ്ധതിയാണ് സംസ്ഥാന സർക്കാർ ആവിഷ്കരിച്ചിരിക്കുന്നത്. എന്റെ ഭൂമി പോർട്ടൽ വഴി രജിസ്റ്റർ ചെയ്ത് പൊതുജനങ്ങൾക്ക് ഡിജിറ്റൽ സർവേയുമായി ബന്ധപ്പെട്ട സേവനങ്ങളെക്കുറിച്ച് കൂടുതൽ അറിയാൻ സാധിക്കും.

ഡിജിറ്റൽ സർവേ സംബന്ധമായ സംശയനിവാരണത്തിനൊപ്പം തന്നെ ഡിജിറ്റൽ സർവേയ്ക്ക് ഉപയോഗിക്കുന്ന ആധുനിക ഉപകരണങ്ങളും നേരത്തേ മുതൽ വസ്തു സർവ്വേ നടത്തുന്നതിന് ഉപയോഗിച്ചിരുന്ന വിവിധ ഉപകരണങ്ങളും സ്റ്റാളിൽ കാണാനുള്ള അവസരം ഒരുക്കിയിട്ടുണ്ട്. വസ്തുവായി ബന്ധപ്പെട്ട നിലവിലുള്ളതും നേരത്തേ ഉണ്ടായിരുന്നതുമായ വിവിധ രേഖകൾ, മാപ്പുകൾ, വസ്തു സംബന്ധമായ രേഖകൾ എന്നിവയും പ്രദർശിപ്പിച്ചിട്ടുണ്ട്.