എന്റെ കേരളം മെഗാ പ്രദർശന വിപണന മേളയുടെ ഭാഗമായി സംഘടിപ്പിച്ച ആട്ടം – ചെമ്മീൻ ഫ്യൂഷൻ ബാന്റ് മറൈൻ ഡ്രൈവിനെ ഇളക്കിമറിച്ചു. വ്യാഴാഴ്ച വൈകിട്ട്  മഴയിൽ ഒന്നു തണുത്ത് നിന്ന കൊച്ചിയെ ചൂടാക്കി ആടിത്തിമിർക്കുകയായിരുന്നു സംഘം. കൊച്ചിയിൽ ആദ്യമായി എത്തിയ ആട്ടം – ചെമ്മീൻ ബാന്റ് ചടുല താളങ്ങളുടെ വിസ്മയം തീർത്ത് കൊച്ചിയുടെ മനസിൽ താളം നിറച്ചാണ് മടങ്ങിയത്.

ശിങ്കാരിമേളത്തിന്റെ അകമ്പടിയോടെ ഇഷ്ട ഗാനങ്ങളും ബി.ജി.എമ്മും ഓരോന്നായി ഉയർന്നപ്പോൾ പ്രേക്ഷകർക്ക് ഇരിപ്പിടമുപേക്ഷിച്ച് നൃത്തം ചെയ്യാതിരിക്കാനാവുമായിരുന്നില്ല. ചുരുങ്ങിയ കാലത്തിനുള്ളിൽ മലയാളികളുടെ മനസ്സിൽ ഇടം നേടിയ അസാധ്യ ഫ്യൂഷൻ സംഗീത വിരുന്നാണ് ‘ആട്ടം – ചെമ്മീനി’ന്റേത്. വ്യത്യസ്തമായ സംഗീത പരീക്ഷണങ്ങൾ മുഖമുദ്രയാക്കിയ ഇവരുടെ പ്രകടനങ്ങളെല്ലാം തന്നെ വൈറലാണ്.