സംസ്ഥാനത്തെ ടൂറിസം മേഖലയിൽ സർക്കാരിനൊപ്പം സ്വകാര്യ മേഖലകളുടെ പങ്കാളിത്തവും അനിവാര്യമാണെന്ന് വിലയിരുത്തി വിനോദ സഞ്ചാര വകുപ്പിന്റെ സെമിനാർ. മറൈൻ ഡ്രൈവിൽ എന്റെ കേരളം പ്രദർശന വിപണന മേളയുടെ ഭാഗമായാണ് സെമിനാർ സംഘടിപ്പിച്ചത്.

ദക്ഷിണേന്ത്യൻ കരകളിലെ സാഹസിക ടൂറിസം, സാഹസിക ടൂറിസവും സുരക്ഷാ മാനദണ്ഡങ്ങളും എന്നീ വിഷയങ്ങളിലാണ് സെമിനാർ സംഘടിപ്പിച്ചത്. കൊച്ചി കോർപ്പറേഷൻ വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി. ആർ. റെനീഷ് സെമിനാർ ഉദ്ഘാടനം ചെയ്തു. കലാലയങ്ങളിൽ ടൂറിസം ക്ലബ്ബുകൾ രൂപീകരിക്കുന്നത് യുവാക്കളെ സാഹസിക ടൂറിസത്തിലേക്കാകർഷിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ടൂറിസം വകുപ്പ് റീജിയണൽ ജോയിന്റ് ഡയറക്ടർ എ.ഷാഹുൽ ഹമീദ് അധ്യക്ഷത വഹിച്ചു.

ദക്ഷിണേന്ത്യൻ കരകളിലെ സാഹസിക ടൂറിസം എന്ന വിഷയത്തിൽ കേരള അഡ്വഞ്ചർ ടൂറിസം പ്രൊമോഷൻ സൊസൈറ്റി അംഗം പ്രദീപ് മൂർത്തി ക്ലാസ് നയിച്ചു. അഡ്വഞ്ചർ ടൂറിസത്തിന് കേരളത്തിൽ വിപുലമായ സാധ്യതകളുണ്ടെന്നും അതു വഴി തദ്ദേശീയ ജനതയ്ക്ക് ജീവിത മാർഗമാകുമെന്നും അദ്ദേഹം പറഞ്ഞു.

സാഹസിക ടൂറിസത്തിലെ സുരക്ഷാ മാനദണ്ഡങ്ങളെ കുറിച്ച് കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റി സി.ഇ.ഒ. ബിനു കുര്യാക്കോസ് വിശദീകരിച്ചു. രാജ്യത്ത് ആദ്യമായി സാഹസിക ടൂറിസത്തിൽ സുരക്ഷാ മാനദണ്ഡങ്ങൾ കൊണ്ടുവന്നത് കേരളത്തിലാണെന്നും സുരക്ഷ ഉറപ്പാക്കി കൊണ്ടുള്ള ടൂറിസമാണ് കേരളത്തിന്റെ നയമെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ സെക്രട്ടറി പി.ജി.ശ്യാം കൃഷ്ണൻ ചടങ്ങിൽ പങ്കെടുത്തു.