ക്ഷീര കൃഷിയിലേക്ക് കടന്നുവരാൻ ആഗ്രഹിക്കുന്നവർക്കും നിലവിൽ ക്ഷീരകൃഷി ചെയ്യുന്നവർക്കും വിവിധ സേവനങ്ങളും അറിവുകളും പകർന്നു നൽകി ശ്രദ്ധ നേടുകയാണ് എൻ്റെ കേരളം മെഗാ പ്രദർശന മേളയിൽ ക്ഷീരവികസന വകുപ്പിന്റെ സ്റ്റാൾ.
കന്നുകാലികള്‍ക്കും കോഴികള്‍ക്കും പന്നികള്‍ക്കും മത്സ്യങ്ങള്‍ക്കും ആടിനും മുയലിനുമെല്ലാം ആഹാരമായി ഉപയോഗിക്കുന്ന അസോളയാണ് സ്റ്റാളിലെ പ്രധാന ആകർഷണം. ഉയര്‍ന്ന പ്രോട്ടീന്‍ അളവുള്ള അസോള കാണുന്നതിനും അതിൻ്റെ കൃഷിരീതിയെക്കുറിച്ച് അറിയുന്നതിനുമാണ് ആളുകളെത്തുന്നത്.
കാലിത്തൊഴുത്ത് നിർമ്മാണത്തിന്റെ മാതൃകയും ശ്രദ്ധേയമാണ്. തൊഴുത്തു നിർമ്മാണത്തിന് സർക്കാർ നൽകുന്ന ധനസഹായ പദ്ധതികളെക്കുറിച്ചും ഇവിടെ വിശദീകരിക്കുന്നുണ്ട്. കൂടാതെ കന്നുകാലികൾക്ക് നൽകുന്ന മണിച്ചോളം, ഗിനി പുല്ല്, റെഡ് നേപ്പിയൻ, സി ഒ 3, സി ഒ 5 തുടങ്ങി വിവിധതരം പുല്ലുകൾ കാണാനും അറിയുന്നതിനും അവസരം ഒരുക്കിയിട്ടുണ്ട്. കാലിത്തീറ്റ നിർമ്മാണത്തിന് ഉപയോഗിക്കുന്ന വിവിധതരം അസംസ്കൃത വസ്തുക്കൾ കാണുന്നതിനും അവസരമുണ്ട്.
വീട്ടിലിരുന്നും യോഗർട്ട് ഉണ്ടാക്കാൻ ഉപയോഗിക്കുന്ന മിനി ഇൻക്യുബേറ്ററിൻ്റെ പ്രദർശനവും സ്റ്റാളിലുണ്ട്. ഇതിനെക്കുറിച്ച് അറിയുന്നതിന് താത്പര്യത്തോടെ സ്റ്റാളിൽ എത്തുന്നവർ നിരവധിയാണ്. മേളയിൽ ഇതിന്റെ വിപണന സൗകര്യം ഒരുക്കിയിട്ടില്ലെങ്കിലും ഇത് വാങ്ങാൻ താത്പര്യമുള്ളവർക്ക് പരിശീലനത്തിനും മറ്റും വേണ്ട എല്ലാവിധ അറിവുകളും ഇവിടെ നിന്നും ലഭിക്കും. കേരള വെറ്റിനറി യൂണിവേഴ്സിറ്റിയുടെ നേതൃത്വത്തിൽ നിർമ്മിക്കുന്ന യോഗർട്ട് മിനി ഇൻക്യൂബേറ്റർ വാങ്ങുന്നതിന് 9497849625 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതും www.kvasu.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കാവുന്നതുമാണ്.
ക്ഷീരവികസന വകുപ്പിന്റെ പ്രധാന പദ്ധതികൾ, വകുപ്പിന്റെ നേതൃത്വത്തിൽ നൽകുന്ന പരിശീലന പരിപാടികൾ, ക്ഷേമനിധി വിവരങ്ങൾ, ശാസ്ത്രീയ കറവ രീതിയുടെ മാതൃകകൾ, കന്നുകാലികൾക്ക് വേണ്ട ഖരാഹാരരീതികൾ, വാക്സിൻ, ക്ഷീരമേഖലയിലെ പുത്തൻ പ്രവണതകൾ, സൈലേജ് എങ്ങനെ വീട്ടിൽ ഉണ്ടാക്കാം തുടങ്ങിയ വിവിധ പദ്ധതികൾ, സംവിധാനങ്ങൾ എന്നിവയെ കുറിച്ചുള്ള പോസ്റ്ററുകൾ നൽകുന്നതിനോടൊപ്പം ഇവയെ സംബന്ധിച്ച് ബോധവത്ക്കരണവും സ്റ്റാളിൽ വരുന്നവർക്ക് ഉദ്യോഗസ്ഥർ നൽകുന്നുണ്ട്.