മായമില്ലാത്ത വനവിഭവങ്ങളുടെ ശേഖരവുമായി ജനശ്രദ്ധയാകർഷിക്കുകയാണ് വനം-വന്യജീവി വകുപ്പ്. എന്റെ കേരളം പ്രദർശന വിപണന മേളയിലാണ് ആദിവാസികൾ ശേഖരിച്ച വന വിഭവങ്ങളുടെ പ്രദർശനവും വിപണനവും. മലയാറ്റൂർ ഡിവിഷന്റെ കീഴിലുള്ള വനത്തിലെ ശുദ്ധമായ ചെറു തേൻ, വൻതേൻ, ചന്ദനതൈലം, പുൽതൈലം, യൂക്കാലി മുതലായവയും ചർമ്മ രോഗങ്ങൾക്ക് ഫലപ്രദ ഔഷധമായ ദന്തപ്പാല എന്നിവയും സ്റ്റാളിൽ ലഭ്യമാണ്. കൂടാതെ പലതരം സുഗന്ധ ലേപനങ്ങളും ഇവിടെ നിന്ന് സ്വന്തമാക്കാം.
ആദിവാസികൾ വനത്തിൽ നിന്നും ശേഖരിക്കുന്ന വസ്തുക്കൾ ആദിവാസി വനസംരക്ഷണ സമിതിയിൽ നിന്നും വാങ്ങി കോടനാടുള്ള ഉൽപാദന യൂണിറ്റുകളിലെത്തിച്ച് പാക്കിങ് ചെയ്യുന്നു. ആദിവാസി വിഭാഗങ്ങളുടെ ഉൽപ്പന്നങ്ങൾക്ക് വിപണന സാധ്യത വർധിപ്പിക്കുക വഴി അവരുടെ ജീവിത നിലവാരം ഉയർത്തുകയാണ് ലക്ഷ്യം. മായമില്ലാത്തതും ഗുണമേന്മ ഉള്ളതുമായ വന വിഭവങ്ങളാണ് സ്റ്റാളിൽ നിന്നും ലഭിക്കുക. സ്റ്റാളിൽ സജ്ജീകരിച്ചിരിക്കുന്ന സ്‌ക്രീനിൽ സോഷ്യൽ ഫോറസ്റ്റ് ഡിപ്പാർട്മെന്റിന്റെ ഒരു വർഷത്തെ പ്രവർത്തനങ്ങൾ പരിചയപ്പെടുത്തുന്ന വീഡിയോയും പ്രദർശിപ്പിച്ചിട്ടുണ്ട്.