മൂല്യവർദ്ധിത പഴം, പച്ചക്കറികൾ ഉൽപ്പാദിപിച്ചു കാർഷിക സംരംഭകരാകാൻ മാർഗ നിർദ്ദേശങ്ങൾ നൽകി കൃഷി വകുപ്പ്. മറൈൻ ഡ്രൈവിൽ നടക്കുന്ന എന്റെ കേരളം മെഗാ പ്രദർശന വിപണന മേളയിൽ “കാർഷിക ഉൽപ്പന്നങ്ങളുടെ സംസ്കരണം, മൂല്യ വർദ്ധനവ്” എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാറിലാണ് കർഷക സംരംഭകത്വം ആഗ്രഹിക്കുന്നവർക്കായി നിർദേശങ്ങൾ നൽകിയത്.

റിട്ട. സയന്റിസ്റ്റ് ഡോ. കെ.ആർ. അനിലകുമാർ, ഡോ. ജിസ്സി ജോർജ് ,അസിസ്റ്റന്റ് പ്രൊഫസർ ഷംസിയ എ.എച്ച് എന്നിവർ ചർച്ചയിൽ പങ്കെടുത്തു. മൂല്യവർദ്ധിത പഴം പച്ചക്കറികൾ എങ്ങനെ ഉൽപ്പാദിപിക്കാം, അതുവഴി കർഷകർക്ക് വിപണിയിൽ എങ്ങനെ നല്ല വില ലഭ്യമാക്കാം, പഴങ്ങളും പച്ചക്കറികളും എങ്ങനെ കേടു വരാതെ സൂക്ഷിക്കാം തുടങ്ങിയ വിഷയങ്ങൾ ചർച്ചയായി.

കാർഷിക സംരംഭങ്ങളെ കുറിച്ചും മൂല്യവർദ്ധിത ഉൽപ്പന്നങ്ങളുടെ സംസ്കരണവും അതിനായി കർഷകർ ഉപയോഗിക്കേണ്ട മെഷീനറി-ടെക്നോളജികളെ കുറിച്ചും ഡോ. കെ.ആർ. അനിലകുമാർ സംസാരിച്ചു. വളരെ കുറച്ചു കെമിക്കൽസ് ഉപയോഗിച്ച് എങ്ങനെ പഴങ്ങളും പച്ചക്കറികളും കേടു വരാതെ സൂക്ഷിക്കാമെന്നും അദ്ദേഹം പറഞ്ഞു.

തേങ്ങ, പഴം, ചക്ക, തുടങ്ങി നിരവധി പഴം, പച്ചക്കറികളിൽ നിന്നുള്ള പലതരം മൂല്യ വർദ്ധിത ഉൽപ്പനങ്ങളും അവയുടെ ഉൽപാദനവും  ഡോ. ജിസ്സി ജോർജ് വിശദീകരിച്ചു.

പഴം പച്ചക്കറികളുടെ മൂല്യം വർദ്ധിപ്പിക്കുന്നത് കർഷകർക്ക് നല്ല വരുമാനത്തിന് വഴിയൊരുക്കുമെന്നും സീസണിന് പുറമെ ആവശ്യകതയ്ക്ക് അനുസരിച്ചു ഉൽപ്പന്നങ്ങൾ വിപണിയിൽ ലഭ്യമാക്കാൻ കർഷക സംരംഭകർ ശ്രദ്ധിക്കണമെന്നും ഷംസിയ പറഞ്ഞു.

മൂല്യവർദ്ധിത ഉൽപ്പാദന മേഖലയിൽ അനുഭവസമ്പത്തുള്ള കർഷകൻ വർഗീസ് കോയിക്കരയും, മഷ്‌റൂം കൾട്ടിക്കേഷൻ നടത്തി വിജയം കൈവരിച്ച യുവ സംരംഭകൻ ജിത്തു ജോസഫും കാർഷിക അനുഭവങ്ങൾ പങ്കുവെച്ചു.