വിദ്യഭ്യാസം, പെൺമക്കളുടെ വിവാഹം എന്നിങ്ങനെ നിരവധി ആവശ്യങ്ങൾക്ക് ബാങ്കുകളിൽ നിന്നും മറ്റും വലിയ പലിശ നിരക്കിൽ വായ്പ എടുക്കുന്നവരാണ് കേരളത്തിലെ സാധാരണ ജനങ്ങൾ. എന്നാൽ ഇത്തരം സേവനങ്ങൾ കുറഞ്ഞ പലിശ നിരക്കിൽ സർക്കാർ നൽകുന്നുണ്ടെന്ന് പലർക്കും അറിയില്ല. കേരളത്തിലെ പിന്നാക്ക, മതന്യൂനപക്ഷ വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് സർക്കാർ സേവനങ്ങളെക്കുറിച്ച് അറിവ് നൽകുകയാണ് എൻ്റെ കേരളം മെഗാ പ്രദർശന മേളയിൽ കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ (കെ.എസ്.ബി.സി.ഡി.സി).

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മതന്യൂനപക്ഷ വിഭാഗങ്ങൾക്ക് നിരവധി സഹായ സംവിധാനങ്ങളാണ് സർക്കാർ നൽകി വരുന്നത്. സ്ത്രീകൾക്കും പുരുഷന്മാർക്കും സ്വയം തൊഴിൽവായ്പയായി രണ്ട് ലക്ഷം മുതൽ 30 ലക്ഷം വരെ ആറ് മുതൽ എട്ട് ശതമാനം വരെ പലിശയിളവിൽ കെ.എസ്.ബി.സി.ഡി.സിയിൽ നിന്നും ലഭിക്കുന്നുണ്ട്. അഞ്ചു മുതൽ ഏഴുവർഷം വരെയാണ് തിരിച്ചടവ് കാലാവധി.

വിദ്യാഭ്യാസ വായ്പയായി പ്രൊഫഷണൽ കോഴ്സുകൾക്ക് 15 ലക്ഷം രൂപ വരെയും വിദേശ വിദ്യാഭ്യാസം വായ്പയായി 30 ലക്ഷം രൂപ വരെയും മൂന്നു മുതൽ എട്ട് ശതമാനം വരെ പലിശ നിരക്കിൽ സർക്കാർ നൽകുന്നുണ്ട്.

പ്രവാസികൾക്കായി റീ-ട്ടേൻ പദ്ധതി, പ്രൊഫഷണലുകൾക്കായി സ്റ്റാർട്ട് അപ്പ്, മൈക്രോ ക്രെഡിറ്റ് പദ്ധതികൾ, ഭവന വായ്പ പദ്ധതി, സ്വസ്ഥഗൃഹ വായ്പ, വിവാഹ വായ്പ, വാഹന വായ്പ, വിവിധോദ്ദേശ വായ്പാ പദ്ധതികൾ, സുവർണശ്രീ, വ്യക്തിഗത വായ്പ എന്നിങ്ങനെ മത ന്യൂനപക്ഷ വിഭാഗങ്ങൾക്ക് അർഹതപ്പെട്ട വിവിധ വായ്പാ സംവിധാനങ്ങളെക്കുറിച്ച് അറിവ് നൽകുകയാണ് കെ.എസ്.ബി.സി.ഡി.സി.

കുറഞ്ഞ പലിശ നിരക്കിൽ ലളിതമായ വായ്പവ്യവസ്ഥയോടെ നൽകുന്ന സർക്കാരിൻ്റെ വായ്പ പദ്ധതികളെക്കുറിച്ച് പൊതുജനങ്ങളെ ബോധവാന്മാരാക്കുകയാണ് പിന്നാക്ക വിഭാഗം വികസന കോർപ്പറേഷൻ്റെ സ്റ്റാൾ. സ്റ്റാളിൽ എത്തുന്നവർക്ക് ലോൺ വിവരങ്ങൾ സംബന്ധിച്ച് പോസ്റ്ററുകൾ നൽകുന്നതിനോടൊപ്പം അവയെക്കുറിച്ച് ആവശ്യക്കാരന് വ്യക്തമായ വിവരണവും ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നൽകുന്നുണ്ട്.