ആധുനിക സൗകര്യങ്ങള്‍ക്കനുസരിച്ച് നവീകരിച്ച നായരമ്പലം, പള്ളിപ്പുറം ഗ്രാമ പഞ്ചായത്തുകളിലെ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് മന്ദിരങ്ങള്‍ നാളെ റവന്യൂമന്ത്രി അഡ്വ. കെ രാജന്‍ ഉദ്ഘാടനം ചെയ്യും. കെ.എന്‍ ഉണ്ണിക്കൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ഹൈബി ഈഡന്‍ എം.പി വിശിഷ്ടാതിഥിയാകും. നായരമ്പലത്ത് രാവിലെ 9.30 നും പള്ളിപ്പുറത്ത് 11നുമാണ് ഉദ്ഘാടനച്ചടങ്ങ്.
റീബില്‍ഡ് കേരള പദ്ധതിയില്‍ 44 ലക്ഷം രൂപ വീതം ചെലവിട്ടാണ് നായരമ്പലം, പള്ളിപ്പുറം വില്ലേജ് ഓഫീസ് മന്ദിരങ്ങള്‍ ആധുനികവത്കരിച്ചത്. ആധുനിക വിവര സാങ്കേതിക വിദ്യയിലൂടെ അവകാശപ്പെട്ട സര്‍ക്കാര്‍ സേവനങ്ങള്‍ വേഗത്തിലും ആയാസരഹിതമായും ജനങ്ങള്‍ക്ക് ലഭ്യമാക്കുന്ന വിധത്തിലാണ് സ്മാര്‍ട്ട് വില്ലേജ് ഓഫീസുകള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്.
എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട് എന്ന ലക്ഷ്യം എത്രയും വേഗം സഫലമാക്കും. ഇ-വില്ലേജ് ഓഫീസ് കൂടുതല്‍ പരിഷ്‌കരിക്കാന്‍ മണ്ഡലത്തിലെ എം.എല്‍.എയുടെ പ്രത്യേക വികസന നിധിയില്‍ നിന്ന് 13 ലക്ഷത്തോളം അനുവദിച്ചിട്ടുണ്ടെന്ന് കെ.എന്‍ ഉണ്ണികൃഷ്ണന്‍ എംഎല്‍എ പറഞ്ഞു.
ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, ജില്ല കളക്ടര്‍ എന്‍.എസ്.കെ ഉമേഷ്, വൈപ്പിന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുളസി സോമന്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ നീതു ബിനോദ്, രമണി അജയന്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.