സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികവുമായി ബന്ധപ്പെട്ട് നൂറു ദിന കർമ്മ പദ്ധതിയുടെ ഭാഗമായി തൊഴിൽ വകുപ്പ് നിരവധി പദ്ധതികളാണ് നടപ്പാക്കി വരുന്നതെന്ന് മന്ത്രി വി ശിവൻകുട്ടി. 5809 ലക്ഷം രൂപ ചെലവിൽ 23 പദ്ധതികളാണ് വകുപ്പ് ഉൾപ്പെടുത്തിയിട്ടുള്ളത്. ഇതിൽ നാല് പദ്ധതികളുടെ ഉദ്ഘാടനം കഴിഞ്ഞതായും മന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.

അതിഥി തൊഴിലാളികളുടെ സമഗ്രമായ വിവരശേഖരണവും അതിഥി തൊഴിലാളികളുമായി ബന്ധപ്പെട്ട മറ്റ് വകുപ്പുകളിലെ പ്രവർത്തനവും ഒരു കുടക്കീഴിൽ ഏകോപിപ്പിക്കൽ എന്ന ലക്ഷ്യത്തോടെയുള്ള കോംപ്രിഹെൻസീവ് മാനേജ്മെന്റ് സിസ്റ്റം ഫോർ ഐ.എസ്.എം പദ്ധതി, അതിഥി തൊഴിലാളികളുടെ വിവരങ്ങൾ ശേഖരിക്കുന്നതിനും ആരോഗ്യ സുരക്ഷാ സൗകര്യങ്ങൾ നടപ്പിലാക്കുന്നതിനുമുള്ള പോർട്ടലിനോടൊപ്പം മൊബൈൽ ആപ്ലിക്കേഷനും കൊണ്ടു വരുന്നതിനുള്ള അതിഥി ആപ്പ്, കിഫ്ബി ഫണ്ട് ഉപയോഗിച്ച് അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിനായി നിർമ്മിച്ച ഏറ്റുമാനൂർ ഐ.ടി.ഐ., കൊയിലാണ്ടി ഐ.ടി.ഐ, ചന്ദനത്തോപ്പ് ഐ.ടി.ഐ. എന്നിവയുടെ ഉദ്ഘാടനം, പ്രാദേശിക തലത്തിൽ നൈപുണ്യ വികസനം സാധ്യമാക്കുന്നതിന് പത്തനംതിട്ടയിലും തിരുവനന്തപുരത്തും ആരംഭിക്കാൻ പോകുന്ന കൗശൽ കേന്ദ്രങ്ങളുടെനിർമ്മാണം, വിദ്യാർത്ഥികൾക്കിടയിൽ തൊഴിലിന്റെ മഹത്വവും മൂല്യവും വർദ്ധിപ്പിക്കുന്നതിനു വേണ്ടി പൊതുവിദ്യാഭ്യാസ വകുപ്പുമായി സംയോജിപ്പിച്ച് പഠനത്തോടൊപ്പം ജോലി ലക്ഷ്യമിടുന്ന കർമ്മചാരി പദ്ധതി, ചുമട്ടുതൊഴിൽ മേഖലയിലെ വിവിധ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് പൊതുജനങ്ങൾക്കായി തൊഴിൽ സേവ ആപ്പ്, എറണാകുളം, തൃശ്ശൂർ ജില്ലകളിൽ മോട്ടോർ ട്രാൻസ്പോർട്ട് വർക്കേഴ്സ് വെൽഫെയർ ഫണ്ട് ബോർഡിന്റെ കീഴിൽ ഓൺലൈൻ ടാക്സി (കേരള സവാരി) യുടെ രണ്ടാം ഘട്ടം നടപ്പിലാക്കൽ, ഐ.ടി പാർക്കുകൾ, കിൻഫ്ര പാർക്കുകൾ, ഇൻഡസ്ട്രിയൽ എസ്റ്റേറ്റുകൾ എന്നിവിടങ്ങളിലെ 25-50 പ്രായ പരിധിയിലുള്ള ചുമട്ടു തൊഴിലാളികളെ തെരഞ്ഞെടുത്ത് അവർക്ക് ത്രിതല പരിശീലനം, പ്രത്യേക യൂണിഫോം, നൂതന സുരക്ഷാ ഉപകരണങ്ങൾ എന്നിവ നൽകി പുതിയ ചുമട്ടു തൊഴിലാളി സമൂഹത്തെ വാർത്തെടുക്കുന്ന പദ്ധതി, ക്ഷേമനിധി ബോർഡുകളിൽ പ്രവർത്തനം സുതാര്യവും സുഗമവുമാക്കുന്നതിന് ക്ഷേമനിധി ബോർഡുകളിലും സമ്പൂർണ്ണ കമ്പ്യൂട്ടർവൽക്കരണവും ഇ-ഓഫീസും നടപ്പിലാക്കുന്നത്, പരമ്പരാഗതവും കാലഹരണപ്പെട്ടു കൊണ്ടിരിക്കുന്നതുമായ തൊഴിൽ മേഖലകളിലെ തൊഴിലാളികളെ തൊഴിൽ അധിഷ്ഠിത നൂതന വൈദഗ്ധ്യ പരിശീലനം നൽകി പുനർവിന്യസിപ്പിക്കുന്നപദ്ധതി, പ്രവാസി ക്ഷേമം മുൻനിർത്തി പ്രവാസികൾക്കായി ആരംഭിക്കുന്ന വെർച്വൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ഉദ്ഘാടനം, സ്വകാര്യ മേഖലയിലെ ഉദ്യോഗദായകർക്ക് അവരുടെ സ്ഥാപനങ്ങളിൽ ഉണ്ടാകുന്ന തൊഴിലവസരങ്ങൾ ഓൺലൈനായി റിപ്പോർട്ട് ചെയ്യുന്നതിനും യോഗ്യരായ തൊഴിലന്വേഷകർക്ക് പ്രസ്തുത അവസരങ്ങൾ വിനിയോഗിക്കുന്നതിനും സർക്കാർ സംവിധാനത്തിൽ ഒരു ഡിജിറ്റൽ പ്ലാറ്റ്ഫോം സൃഷ്ടിക്കൽ തുടങ്ങിയവയാണ് ഇനി ഉദ്ഘാടനം ചെയ്യാനുള്ള പദ്ധതികൾ.“ഇന്റർനാഷണൽ വിഷൻ സീറോ കോൺക്ലേവ് ഓൺ ഒക്കുപേഷണൽ സേഫ്റ്റി ആൻഡ് ഹെൽത്ത് 2023”, മുളങ്കുന്നത്തുകാവ് ഇ.എസ്.ഐ ആശുപത്രിയിൽ പുതിയ ഡയാലിസിസ് യൂണിറ്റ്, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിയുക്തി മെഗാ ജോബ്ഫെയർ, ലഹരി വിരുദ്ധ പ്രവർത്തനത്തിന്റെ ഭാഗമായി അതിഥി തൊഴിലാളികളെ ലക്ഷ്യമിട്ട് കവച് എന്നീ നാല് പദ്ധതികൾ ഇതിനോടകം ഉദ്ഘാടനം ചെയ്തുകഴിഞ്ഞതായും മന്ത്രി പറഞ്ഞു.