വിദ്യാർത്ഥികളിൽ ജനാധിപത്യബോധം വളർത്തിയെടുക്കുന്നതിനായി പൗരധ്വനി പദ്ധതി, ഭിന്നശേഷിക്കാർക്കായി പ്രത്യേക കായികമത്സരങ്ങൾ
സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികവുമായി ബന്ധപ്പെട്ട് 100 ദിന കർമ്മ പദ്ധതിയിൽ പൊതുവിദ്യാഭ്യാസ വകുപ്പിന്റേതായി ഉൾപ്പെടുത്തിയിട്ടുള്ളത് 35 പദ്ധതികൾ. 48,009 ലക്ഷം രൂപയാണ് പദ്ധതിക്കായി ചെലവഴിക്കുന്നത്. ഇതിൽ 10 പദ്ധതികളുടെ ഉദ്ഘാടനം കഴിഞ്ഞതായും മന്ത്രി വി ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഗണിതം, സയൻസ് മുതലായ വിഷയങ്ങളിൽ നൂതനങ്ങളായ പ്രവർത്തനങ്ങൾക്ക് ശിശു സൗഹൃദ ഗണിത ശാസ്ത്ര പഠനം പദ്ധതിയിലൂടെ തുടക്കം കുറിക്കും. പൊതുവിദ്യാഭ്യാസ വകുപ്പ്, എസ്.എസ്.കെ., എസ്.സി.ഇ.ആർ.ടി., തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള വിവിധ ഏജൻസികൾ, കെ.ഡിസ്‌ക്ക് എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്.
തിരുവനന്തപുരം ജില്ലയിൽ മൈൽഡ് കാറ്റഗറിയിൽപ്പെട്ട ഭിന്നശേഷിക്കാരായ വ്യക്തികൾക്ക് പ്രതീക്ഷാ സംഗമം പദ്ധതിയിലൂടെ അനുയോജ്യമായ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കും. അതിലേക്കായി ഡി.വി.ആർ കോഴ്സ് പൂർത്തീകരിച്ച ടീച്ചർ ട്രെയിനീസ് വഴി സർവ്വേ നടത്തി തൊഴിൽ ദാതാക്കളേയും അനുയോജ്യമായ തൊഴിലും കണ്ടെത്തും.
സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും (ഗവണ്മെൻറ്/എയിഡഡ്) നിന്നുമുള്ള കത്തിടപാടുകൾ പൂർണമായും ഇ-തപാൽ മുഖേന ചെയ്യുന്നതിനായി രൂപീകരിച്ചിട്ടുള്ള ഇ-തപാൽ അറ്റ് സ്‌കൂൾസ് പദ്ധതിയുടെ പൈലറ്റ് പ്രോജക്ട് തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലാ ഓഫീസിന്റെ കീഴിൽ വരുന്ന ഹൈസ്‌കൂളിലും, സൗത്ത്, നോർത്ത് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസുകളുടെ കീഴിലുള്ള എൽ.പി, യു.പി സ്‌കൂളുകളിലും വിജയകരമായി പൂർത്തിയാക്കിയിട്ടുണ്ട്.
ഓട്ടിസവുമായി ജനിക്കുന്ന കുഞ്ഞുങ്ങളുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തിൽ ഓട്ടിസം എങ്ങനെ കൈകാര്യം ചെയ്യണമെന്നും ആയതിനുള്ള പുതിയ അദ്ധ്യാപന രീതികൾ, പ്രവർത്തനങ്ങൾ എന്നിവയെക്കുറിച്ചും സർവ്വ ശിക്ഷാ കേരളയുടെ കീഴിൽ പദ്ധതികൾ നടപ്പിലാക്കും. എൽ.പി./യു.പി. വിഭാഗത്തിലെ നവാഗതരായ അധ്യാപകർക്ക് 10 ദിവസം നീണ്ടുനിൽക്കുന്ന റസിഡൻഷ്യൽ പരിശീലനം സംഘടിപ്പിക്കും. പൗരധ്വനി പദ്ധതിയിലൂടെ കേരള സംസ്ഥാന സാക്ഷരതാ മിഷന്റെ നേതൃത്വത്തിൽ ശാസ്ത്രാവബോധം, സ്വതന്ത്രചിന്ത, മതേതര കാഴ്ചപ്പാട്, ജനാധിപത്യ ബോധം, അവകാശ ബോധം, ഭരണഘടനാ കാഴ്ചപ്പാടുകൾ തുടങ്ങിയ മൂല്യങ്ങൾ വ്യക്തികളിൽ എത്തിക്കാൻ ലക്ഷ്യമിടും, ഇൻക്ലൂസീവ് സ്പോർട്സ് മാനുവൽ പദ്ധതിയിലൂടെ ഭിന്ന ശേഷി സൗഹൃദമായ കായിക മത്സരങ്ങൾ നടത്തും.
കൈറ്റിന്റെ നേതൃത്വത്തിൽ മൊബൈൽ ജേർണലിസം (മോജോ) മാതൃകയിൽ വിദ്യാഭ്യാസ ഉള്ളടക്ക നിർമ്മാണത്തിനുള്ള പുതിയ സ്റ്റുഡിയോ എറണാകുളത്ത് സ്ഥാപിക്കൽ, കുട്ടികളുടെ ഹാജർ നില, പഠന പുരോഗതി, പ്രോഗ്രസ് റിപ്പോർട്ട് തുടങ്ങിയവ രേഖപ്പെടുത്താനും രക്ഷിതാക്കളും സ്‌കൂളും തമ്മിലുള്ള വിനിമയം സുഗമമാക്കാനുമുള്ള സമ്പൂർണ പ്ലസ് മൊബൈൽ ആപ് സജ്ജമാക്കൽ, സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്ന പ്ലസ് വണിൽ പഠിക്കുന്ന 25 കുട്ടികളെ വീതം 14 ജില്ലയിൽ നിന്നും കണ്ടെത്തി സ്‌കഫോൾഡ് എന്ന പേരിൽ രണ്ടു വർഷം നീണ്ടുനിൽക്കുന്ന പരിശീലന പരിപാടി സംഘടിപ്പിക്കൽ, പഠന താത്പര്യവും, ബൗദ്ധിക നിലവാരവും ഉണ്ടായിട്ടും തീവ്രമായ ചലന പരിമിതി കൊണ്ട് മാത്രം വിദ്യാലയ അനുഭവം ലഭിക്കാതെ ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം ചെയ്യുന്ന ഭിന്നശേഷി കുട്ടികൾക്ക് വെർച്വൽ ക്ലാസ് മുറി ഒരുക്കക, കിഫ്ബിയുടെ ധനസഹായത്തോടെ മികവിന്റെ കേന്ദ്രങ്ങളായി മാറുന്ന എഴുപത്തി നാല് സ്‌കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാടനം തുടങ്ങിയവയാണ് പൊതുവിദ്യാഭ്യാസ വകുപ്പ് 100 ദിനകർമ്മപദ്ധിയിലൂടെ ഇനി നടപ്പിലാക്കുന്നത്.
പുതിയ അദ്ധ്യയനവർഷത്തിലേക്കുള്ളപാഠപുസ്തക അച്ചടി, വിതരണ ഉദ്ഘാടനം , ഭിന്നശേഷി കുട്ടികളുടെ സാമൂഹിക ഉൾച്ചേർക്കലിന്റെ ഭാഗമായുള്ള ഫിലിം ഫെസ്റ്റിവലിന്റെ ഉദ്ഘാടനം, ഹരിതവിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റിഷോയുടെ ഗ്രാന്റ് ഫിനാലെ തുടങ്ങിയവ ഇതിനോടകം പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കിയ പദ്ധതികളാണ്.