എന്റെ കേരളം മെഗാ പ്രദർശന വിപണനമേളയിൽ മികച്ച ഗവൺമെന്റ് സ്റ്റാളിനുള്ള പുരസ്കാരം ഏറ്റുവാങ്ങി പോലീസ് വകുപ്പ്. സ്ത്രീ സുരക്ഷയ്ക്ക് പ്രാധാന്യം നൽകികൊണ്ടായിരുന്നു സ്റ്റാൾ സജ്ജീകരിച്ചിരുന്നത്. അതിക്രമം നേരിടുന്ന സാഹചര്യത്തിൽ സ്വീകരിക്കേണ്ട പ്രതിരോധ മുറകളുടെ പരിശീലനം, സ്ത്രീ സുരക്ഷയ്ക്കായി പോലീസ് തയ്യാറാക്കിയിട്ടുള്ള ആപ്ലിക്കേഷനുകൾ പരിചയപ്പെടുത്തൽ,ലക്കി ഡ്രോ മത്സരങ്ങൾ, സ്റ്റുഡന്റ് പോലീസ് കേഡറ്റുകളെ ഉൾപ്പെടുത്തികൊണ്ടുള്ള പ്രവർത്തനങ്ങൾ എന്നിവ സ്റ്റാളിനെ ശ്രദ്ധേയമാക്കി.

ഗവൺമെന്റ് സ്റ്റാൾ വിഭാഗത്തിൽ ജില്ലാ വ്യവസായ കേന്ദ്രം രണ്ടാം സ്ഥാനം കരസ്ഥമാക്കി. സംരംഭക സഹായ കേന്ദ്രം മുതൽ സംരംഭകർക്ക് ആവശ്യമായ യന്ത്രങ്ങൾ പരിചയപ്പെടുത്തുന്നതിന് മെഷീനറി എക്സ്പോയും ഭക്ഷ്യ ഉൽപന്നങ്ങളുടെ പ്രദർശന വിപണമേളയും വ്യവസായ വകുപ്പിന്റെ സ്റ്റാളിൽ ഉണ്ടായിരുന്നു.

ഈ വിഭാഗത്തിൽ മൂന്നാം സ്ഥാനം കൃഷിവകുപ്പ് നേടി. പൊക്കാളി പാടവും, ഫ്രൂട്ട്, ബറാബ, ഗിനിയ ഗോൾഡ് പപ്പായ, വൈൻ ലെമൺ, അബിയു, മിറാക്കിൾ ഫ്രൂട്ട്, വിവിധതരം മാങ്ങ തുടങ്ങിയ വിവിധതരം കാർഷിക ഉൽപ്പന്നങ്ങളും സ്റ്റാളിനെ ശ്രദ്ധേയമാക്കി.

കൊമേഴ്സ്യൽ സ്റ്റാൾ വിഭാഗത്തിൽ ഏഴാറ്റുമുഖത്ത് നിന്നുള്ള കായത്തും കര നാച്ചുറൽസ് ഒന്നാം സ്ഥാനം നേടി. പറവൂർ കൈത്തറി സഹകരണ സംഘം രണ്ടാം സ്ഥാനവും മദേഴ്സ് അഗ്രോ ഫുഡ് പ്രൈവറ്റ് ലിമിറ്റഡ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

എന്റെ കേരളം പ്രദർശന വിപണനമേളയിൽ സ്വാദിഷ്ടമായ വിഭവങ്ങൾ ഒരുക്കി കുടുംബശ്രീയും,സാഫും ( സൊസൈറ്റി ഫോർ അസിസ്റ്റൻസ് ടു ഫിഷർ വുമൺ ) പ്രത്യേക പുരസ്കാരം നേടി.