ആഘോഷങ്ങളും ആരവങ്ങളും നിറഞ്ഞ എട്ട് ദിനരാത്രങ്ങൾക്കൊടുവിൽ എന്റെ കേരളം മെഗാ പ്രദർശന വിപണന മേളയ്ക്ക് ഗംഭീര സമാപനം. കൊച്ചി മറൈൻഡ്രൈവിലെ വേദിയിൽ പ്രൊഫ. എം.കെ സാനു ഉദ്ഘാടനം ചെയ്ത സാംസ്കാരിക സമ്മേളനത്തോടെയായിരുന്നു മേള അവസാനിച്ചത്.

സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികാഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനത്തോടനുബന്ധിച്ചായിരുന്നു മേള സംഘടിപ്പിച്ചത്. യുവതയുടെ കേരളം, കേരളം ഒന്നാമത് എന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കി നടത്തിയ പരിപാടി ഏപ്രിൽ ഒന്നിന് മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു ഉദ്ഘാടനം ചെയ്തത്. 63,680 ചതുരശ്ര അടി വിസ്തീർണത്തിൽ ഒരുക്കിയിരുന്ന മേളയിൽ വിവിധ സർക്കാർ വകുപ്പുകളുടെ 78 സ്റ്റാളുകളും 105 വിപണന സ്റ്റാളുകളുമായിരുന്നു ഉണ്ടായിരുന്നത്. 53 സർക്കാർ സേവനങ്ങളായിരുന്നു ഇതു വഴി പൊതുജനങ്ങൾ നേരിട്ട് ഉപയോഗപ്പെടുത്തിയത്.

ഒന്നര ലക്ഷത്തിലധികം പേർ സന്ദർശിച്ച എന്റെ കേരളം മേളയുടെ ഭാഗമായി നടത്തിയ വിപണന മേളയിൽ വെള്ളിയാഴ്ച വരെ 42,02,405 രൂപയുടെ വിൽപ്പന നടന്നു. ഇതിന് പുറമേ വിവിധ സ്റ്റാളുകളിൽ നിന്ന് 83,08,173 രൂപയുടെ ഉൽപ്പന്നങ്ങളുടെ ബുക്കിംഗും നടന്നു.

ജനറേറ്ററിന്റെ സഹായമില്ലാതെ പൂർണമായും ഹരിത വൈദ്യുതി ഉപയോഗിച്ചായിരുന്നു മേള സംഘടിപ്പിച്ചത്. എല്ലാ ദിവസവും വൈകുന്നേരങ്ങളിൽ സംഘടിപ്പിച്ച വിവിധ കലാപരിപാടികൾ കാണാൻ വൻ ജനക്കൂട്ടമായിരുന്നു. വിവിധ വകുപ്പുകളുടേതായി 14 സെമിനാറുകളും സംഘടിപ്പിച്ചു.

പ്രദർശന വിപണന മേളയോടൊപ്പം സംഘടിപ്പിച്ച ഭക്ഷ്യമേളയിൽ കുടുംബശ്രീയുടെയും മത്സ്യഫെഡിന്റെ നേതൃത്വത്തിൽ വിപുലമായ ഫുഡ്കോർട്ടായിരുന്നു തയ്യാറാക്കിയിരുന്നത്. ആയിരക്കണക്കിന് പേരായിരുന്നു വ്യത്യസ്ത രുചിഭേദങ്ങൾ ആസ്വദിക്കാനായി ഇവിടെ സന്ദർശിച്ചത്.

കാഞ്ഞൂർ നാട്ടു പൊലിമ നാടൻ പാട്ട് സംഘത്തിന്റെ പ്രകടനത്തിന്റെ അകമ്പടിയോടെയായിരുന്നു ശനിയാഴ്ച വൈകിട്ട് നടന്ന സാംസ്കാരിക സമ്മേളനം ആരംഭിച്ചത്. മന്ത്രി പി. രാജീവ് അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ്, സാഹിത്യകാരനായ അശോക൯ ചരുവിൽ, മലയാളം മിഷ൯ ചെയർമാൻ മുരുക൯ കാട്ടാക്കട, സാംസ്കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാ൯ മധുപാൽ, സർവ വിജ്ഞാനകോശം ഇ൯സ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. മ്യൂസ് മേരി ജോർജ്, ഇൻഫർമേഷൻ ആന്റ് പബ്ലിക് റിലേഷൻ ഡിപ്പാർട്ട്മെൻ റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ ചന്ദ്രഹാസൻ വടുതല, ജില്ലാ ഇ൯ഫർമേഷ൯ ഓഫീസർ നിജാസ് ജ്യൂവൽ, ജില്ലാ വ്യവസായ കേന്ദ്രം മാനേജർ പി.എ. നജീബ് തുടങ്ങിയവർ സംസാരിച്ചു. ഗിന്നസ് പക്രു നയിച്ച മെഗാഷോയോടെയായിരുന്നു മേള അവസാനിച്ചത്.