ജില്ലയുടെ ഹൃദയഭാഗത്ത് എട്ടു ദിവസം നീണ്ടുനിന്ന എൻ്റെ കേരളം പ്രദർശന വിപണന മേളയ്ക്ക് പ്രൗഢ ഗംഭീരമായ സാംസ്കാരിക സദ സോടെ സമാപനം. സർക്കാരിൻ്റെ വികസന പ്രവർത്തനങ്ങളുടെ നേർക്കാഴ്ചയായി സംഘടിപ്പിച്ച മേളയുടെ അവസാന ദിനം ചെറുകഥാകൃത്ത് അശോകൻ ചരുവിൽ, കവി മുരുകൻ കാട്ടാക്കട, നടനും സംവിധായകനുമായ മധുപാൽ, എഴുത്തുകാരിയും നിരൂപകയുമായ മ്യൂസ് മേരി ജോർജ് എന്നിവരുടെ വാക്കുകൾ കൊണ്ട് സമ്പന്നമായി.
എൻ്റെ കേരളം മെഗാ പ്രദർശന മേള കേരളത്തിൻ്റെ വളരുന്ന മുഖം കൃത്യമായി പ്രതിഫലിപ്പിക്കുന്ന പരിപാടിയാണെന്ന് അശോകൻ ചരുവിൽ പറഞ്ഞു. സാംസ്കാരിക പ്രവർത്തകർ സത്യത്തിന്റെ മറുപുറം അന്വേഷിക്കുന്നവരാണ്. എഴുത്തുകാരനും കലാകാരനും അനുഭവങ്ങൾ നേരിട്ടാണ് ജനങ്ങളുമായി പങ്കുവയ്ക്കുന്നത്. ഏറ്റവും കൂടുതൽ മനുഷ്യർക്കിടയിൽ കടന്നുചെന്ന് അവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കാൻ എഴുത്തുകാർക്ക് കഴിയും. മാറിയ സമൂഹത്തിലെ മനുഷ്യരുടെ ചിന്താഗതികൾക്ക് അനുസരിച്ച് അവർക്കിടയിൽ പ്രവർത്തിച്ച് വ്യത്യാസങ്ങൾ മനസ്സിലാക്കാനും എഴുത്തുകാർക്ക് കഴിയുന്നുണ്ട്. സ്ത്രീകൾക്ക് ഉൾപ്പെടെ പുരോഗമനപരമായി ചിന്തിക്കാനും പ്രവർത്തിക്കാനും അവസരം നൽകുന്ന സർക്കാരാണ് നമ്മുടേതെന്നും അദ്ദേഹം പറഞ്ഞു.
പൊതു ഇടങ്ങളിൽ ഉണർന്നിരിക്കേണ്ട കാലമാണിതെന്ന് മലയാളത്തിലെ കവി മുരുകൻ കാട്ടാക്കട. ജൈവ, ജനാധിപത്യ, മതേതരത്വ സമ്പൂർണ്ണമായ ഒരു നാടായി നമ്മുടെ നാട് വികാസം പ്രാപിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഏഴുവർഷമായി ഈ ഭരണകൂടം കടന്നുപോകുന്നത് എല്ലാവർക്കും കരുതലായാണന്നെന്ന് മധുപാൽ പറഞ്ഞു. എല്ലാവരെയും ചേർത്തുനിർത്തിക്കൊണ്ടാണ് സർക്കാർ മുന്നോട്ടു പോകുന്നത്. പ്രളയം, കോവിഡ് കാലഘട്ടങ്ങളിൽ കലാകാരന്മാർ നിരവധി പ്രതിസന്ധികളിലൂടെയാണ് കടന്നുപോയത്. എല്ലാവരെയും സർക്കാർ ചേർത്ത് നിർത്തി. ഈ മികച്ച പ്രവർത്തനമാണ് ഭരണത്തിന്റെ തുടർച്ചയുണ്ടാക്കുന്നത്. ഏറ്റക്കുറച്ചിലുകൾ ഇല്ലാതെ മനുഷ്യരെ മനുഷ്യനായി കണ്ട് മുന്നോട്ട് കൊണ്ടുപോകാൻ കഴിയണം. ഭരണമികവിൻ്റെ ഈ തുടർച്ച കൈവിടാതെ കൈകോർത്ത് കൊണ്ടുപോകാൻ സാധിക്കട്ടെ എന്നും മധുപാൽ പറഞ്ഞു.
യുവതയുടെ കേരളം എന്ന ടാഗ് ലൈനിന് തീർത്തും അനുയോജ്യമായ ഭരണസംവിധാനത്തിലൂടെയാണ് നമ്മൾ കടന്നു പോകുന്നതെന്ന് മ്യൂസ് മേരി ജോർജ് പറഞ്ഞു. അറിവിന്റെയും അനുഭവങ്ങളുടെയും അധികാരികളാണ് നമ്മുടെ സമൂഹം. യുവതയുടെ സ്വാതന്ത്ര്യത്തിനൊപ്പം ജനാധിപത്യപരമായി പ്രവർത്തിക്കുന്ന സർക്കാരാണിത്. പൗരബോധമുള്ള ഒരു സമൂഹത്തെ വാർത്തെടുക്കുന്നതിനുള്ള പ്രവർത്തനങ്ങളും സർക്കാർ സ്വീകരിച്ചു വരുന്നുണ്ട്. ഇത്തരത്തിലുള്ള ഭരണസംവിധാനത്തിന്റെ ഏഴാം വാർഷികമാണ് ആഘോഷിക്കുന്നതെന്നും അവർ പറഞ്ഞു.