മനുഷ്യനെ മനുഷ്യൻ തിരിച്ചറിയുന്നിടത്താണ് സംസ്കാരത്തിന്റെ തുടക്കമെന്ന് എം.കെ സാനു മാസ്റ്റർ. സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികാഘോഷത്തിന്റെ ഭാഗമായി എറണാകുളം മറൈൻഡ്രൈവിൽ നടന്ന എന്റെ കേരളം പ്രദർശന വിപണനമേളയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പിണറായി വിജയൻ നയിക്കുന്ന സർക്കാർ കേരളത്തെ സാംസ്‌കാരികമായും വിജ്ഞാനപരമായും ഉയർത്തിയെന്നും ഭിന്നശേഷി വിഭാഗകാർക്കും ട്രാൻസ്‌ജെൻഡർ വിഭാഗങ്ങൾക്കും എല്ലാ സൗകര്യങ്ങളും ആനുകൂല്യങ്ങളും നൽകുന്നത് സാംസ്‌കാരിക ബലത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.

കൊച്ചിൻ കാൻസർ സെന്റർ പൂർണ്ണ സജ്ജമാകുന്നത്തോടെ കേരളത്തിൽ ഉയർന്നുവരുന്ന ശാസ്ത്രഞ്ജൻമാർക്ക്‌ വിദേശ രാജ്യങ്ങളിൽപോകാതെ ഇവിടെതന്നെ ഗവേഷക സാധ്യകൾ ഉണ്ടാകും. പുതിയ ഔഷധങ്ങൾ കണ്ടെത്തി അലക്സാണ്ടർ ഫ്ലെമിങിനെ പോലുള്ളവർ കേരളത്തിൽ നിന്നും ഉയർന്നു വരുമെന്നും സാധാരണക്കാർ ചികിത്സയ്ക്ക് എത്തുന്ന എറണാകുളം ജനറൽ ആശുപത്രിയിൽ ഉന്നത നിലവാരത്തിലുള്ള ചികിത്സ ലഭ്യമാക്കുന്നത് ഇച്ഛാ ശക്തിയുള്ള ഭരണാധികാരികളുടെ ഇടപെടലുകൾ കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.

വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ജില്ലാ കളക്ടർ എൻ. എസ്. കെ. ഉമേഷ്, മുരുകൻ കാട്ടാക്കട, മധുപാൽ, ഡോ. മ്യൂസ് മേരി ജോർജ്, അശോകൻ ചരുവിൽ, ജില്ലാ വ്യവസായ കേന്ദ്രം മാനേജർ പി.എ. നജീബ്, ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് മേഖലാ ഉപ ഡയറക്ടർ ചന്ദ്രഹാസൻ വടുതല, ജില്ലാ ഇൻഫർമേഷൻ ഓഫീസർ നിജാസ് ജ്യുവൽ എന്നിവർ പങ്കെടുത്തു.