മറൈൻ ഡ്രൈവിൽ ഗിന്നസ് പക്രുവും സംഘവും അരങ്ങ് തകർത്തപ്പോൾ എന്റെ കേരളം മെഗാ പ്രദർശന വിപണന മേളയുടെ സമാപന വേദിയിലേക്ക് ഒഴുകിയെത്തിയത് ആയിരങ്ങൾ. മേളയുടെ സമാപനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഗിന്നസ് പക്രു മെഗാ ഷോയാണ് ആസ്വാദകർക്ക് നവ്യാനുഭവമായി മാറിയത്. പാട്ടും നൃത്തവും തമാശയും സ്കിറ്റുകളും ഒത്തു ചേർന്ന ഷോയ്ക്ക് വലിയ കൈയടിയാണ് ലഭിച്ചത്.

മോഹിനിയാട്ടവും കൺ ടെംപററി നൃത്തച്ചുവടുകളും ഒത്തുചേർന്ന ഫ്യൂഷൻ നൃത്തത്തിന്റെ അകമ്പടിയോടെയായിരുന്നു പരിപാടി ആരംഭിച്ചത്. അനുഗ്രഹീതരായ 25 ലധികം കലാകാരന്മാരാണ് ഷോയിൽ പങ്കു ചേർന്നത്. പക്രുവിന് പുറമേ മിമിക്രി താരങ്ങളായ അജീഷ് കോട്ടയം, റെജി രാമപുരം, ആദർശ് കൊല്ലം, ജെമിനി കോട്ടയം, അരുൺ ഗിന്നസ്, പ്രജിത് കൈലാസം എന്നിവർ കൂടി ചേർന്ന സ്കിറ്റുകളും മിമിക്രി ഷോയും സദസ്സിൽ പടർത്തിയ ചിരി പിന്നീട് പൊട്ടിച്ചിരിയായി. വിവിധ സിനിമകളിലെ ബാക്ക്ഗ്രൗണ്ട് മ്യൂസിക്കുകൾ വാദ്യോപകരണങ്ങളുടെ അകമ്പടിയില്ലാതെ ഒറ്റക്ക് വേദിയിൽ അവതരിപ്പിച്ച ആദർശ് കൊല്ലത്തിന്റെ പ്രകടനം വേറിട്ടതായി.

മിമിക്രി കലാകാരന്മാർ ഉയർത്തിയ ചിരിക്കാറ്റിൽ ഉലയാതെ വെല്ലുവിളി ഏറ്റെടുത്ത ഗായകരും നർത്തകരും മികച്ച പ്രകടനം പുറത്തെടുത്തതോടെ ശനിയാഴ്ച കൊച്ചിയുടെ ചരിത്രത്തിൽ തങ്കലിപികളിൽ എഴുതിയ രാവായി മാറി. ഓരോ ഗാനത്തെയും നൃത്തത്തെയും കരഘോഷത്തോടെയാണ് കാണികൾ ഏറ്റെടുത്തത്. കുട്ടികളും യുവാക്കളും മുതൽ പ്രായമായവർ വരെ താളത്തിനൊപ്പം ചുവടു വെച്ചതോടെ എന്റെ കേരളം മേളയുടെ ടാഗ് ലൈൻ പോലെ “യുവതയുടെ കേരളത്തിന്റെ” പ്രകടനമായി മാറുകയായിരുന്നു മറൈൻ ഡ്രൈവ് മൈതാനം.

മേള നടന്ന ഏപ്രില്‍ ഒന്നു മുതല്‍ എട്ടു വരെയുളള ദിവസങ്ങളിൽ രാത്രിയെ പകലാക്കി മാറ്റുന്ന കലാ പ്രകടനങ്ങളാണ് മറൈൻ ഡ്രൈവിൽ സംഘടിപ്പിച്ചത്. സ്റ്റീഫൻ ദേവസിയുടെ ലൈവ് ഷോ, പ്രശസ്ത സംഗീത സംവിധായകൻ ജാസി ഗിഫ്റ്റിന്റെ മ്യൂസിക് നൈറ്റ്, ദുര്‍ഗ വിശ്വനാഥ് – വിപിന്‍ സേവ്യര്‍, പിന്നണി ഗായകരായ ദുര്‍ഗ വിശ്വനാഥ് – വിപിന്‍ സേവ്യര്‍ എന്നിവരുടെ ഗാനമേള, താമരശ്ശേരി ചുരം ടീമിന്റെ മ്യൂസിക് ബാന്‍ഡ്, ഗസൽ ഗായകൻ അലോഷിയുടെ ഗസൽ സന്ധ്യ, ആട്ടം ചെമ്മീന്‍ ബാന്‍ഡിന്റെ ഫ്യൂഷന്‍ പരിപാടി എന്നിവയാണ് കഴിഞ്ഞ ദിവസങ്ങളിൽ അരങ്ങേറിയത്.