സർക്കാരിന്റെ രണ്ടാം വാർഷികത്തിന്റെ ഭാഗമായി ഏപ്രിൽ 17 മുതൽ 23 വരെ ആലപ്പുഴ ബീച്ചിൽ നടക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേളയുടെ മുന്നോടിയായി ആലപ്പുഴയിലെ കലാകാരന്മാർ ബീച്ചിൽ ലൈവ് പെയിൻറിംഗ് നടത്തി. എച്ച്. സലാം എം.എൽ.എ. ആദ്യ ചായം പകർന്ന് ഉദ്ഘാടനം നിർവഹിച്ചു.

മുൻകാലങ്ങളിൽ നടക്കാത്ത രീതിയിലുള്ള വലിയ വികസന പ്രവർത്തനങ്ങളാണ് സർക്കാർ നടത്തുന്നത്. ആലപ്പുഴ ബൈപാസിന്റെ നിർമ്മാണം തന്നെ ഉദാഹരണമാണ്. പ്ലാൻ ഫണ്ടിന് പുറമെ കിഫ്ബി പോലെയുള്ളവയെ കൂടി ഉപയോഗപ്പെടുത്തിയാണ് സംസ്ഥാനത്ത് ഇത്രയേറെ വികസന പ്രവർത്തനങ്ങൾ നടത്തുന്നതെന്നും എം.എൽ.എ. പറഞ്ഞു.

ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് കെ.ജി. രാജേശ്വരി അധ്യക്ഷത വഹിച്ചു. നഗരസഭ കൗൺസിലർ പ്രഭ ശശികുമർ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ.എസ്. സുമേഷ്, സാക്ഷരതാമിഷൻ കോഓഡിനേറ്റർ കെ.വി.രതീഷ്, അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസർ സൗമ്യ ചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.

ഇൻഫർമേഷൻ പബ്ലിക്ക് റിലേഷൻസ് വകുപ്പിന്റെ നേതൃത്വത്തിലാണ് നവകേരളം എന്ന ആശയത്തിലൂന്നിയുള്ള തൽസമയ പെയിന്റിംഗ് കലാകാരന്മാർ കടലിനെ സാക്ഷിയാക്കി ക്യാൻവാസിലേക്ക് പകർത്തിയത്. സിറിൽ ഡൊമിനിക് ഹാർമ്മണി, സതീഷ് വാഴവേലി,ബെന്നി ജയിംസ്, എം. ഗോപിദാസൻ, ശിവദാസ് വാസു, കാവ്യ എസ്. നാഥ് എന്നീ കലാകാരന്മാരാണ് ലൈവ് പെയിന്റിങ്ങിൽ പങ്കെടുത്തത്.

സർക്കാരിന്റെ വിവിധ വികസന പ്രവർത്തനങ്ങളുടെ നേർക്കാഴ്ചയായി മാറിയ ചിത്രങ്ങളുടെ പ്രദർശനവും ബീച്ചിൽ ഒരുക്കി. സായാഹ്നം ചെലവഴിക്കാൻ ബീച്ചിലെത്തിയ നൂറുകണക്കിന് ആളുകൾ കലാസൃഷ്ടികളോടൊപ്പം ഫോട്ടോ എടുത്തു.