ജില്ലയിലെ ലത്തീൻ വിഭാഗത്തിന് സർക്കാർ ഉത്തരവ് പ്രകാരമുള്ള സമുദായ സർട്ടിഫിക്കറ്റ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അനുവദിക്കണമെന്ന് പിന്നോക്ക സമുദായ ക്ഷേമത്തിനുള്ള നിയമസഭ സമിതി അധ്യക്ഷൻ പി എസ് സുപാൽ എംഎൽഎ നിർദേശിച്ചു. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന നിയമസഭാസമിതി യോഗത്തിലാണ് നിർദേശം. ലത്തീൻ വിഭാഗത്തിന് സമുദായ സർട്ടിഫിക്കറ്റ് വില്ലേജ് ഓഫിസർമാർ നിഷേധിക്കുന്നെന്ന പരാതിയെ തുടർന്നാണ് സമിതിയുടെ ഇടപെടൽ. ജില്ലാ കലക്ടർ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് ആവശ്യമായ നടപടികൾ സ്വീകരിച്ച് സമതിയെ അറിയിക്കാനും അദ്ദേഹം നിർദേശിച്ചു.

ക്ഷേത്ര ആചാര്യസ്ഥാനികർക്ക് കഴിഞ്ഞ ആറ് മാസമായി ശമ്പളം ലഭിക്കുന്നില്ലെന്ന പരാതിയിൽ അടിയന്തരനടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. കണിയാൻ കണിശൻ വിഭാഗത്തിൽപ്പെട്ടവർക്ക് അർഹമായ ആനുകൂല്യങ്ങൾ ലഭ്യമാക്കാൻ ബന്ധപ്പെട്ട വകുപ്പിന്റെ റിപ്പോർട്ട് ലഭിച്ച ശേഷം സർക്കാറിന് കൈമാറും. മൂന്ന് പരാതികളാണ് സമിതിക്ക് മുന്നിൽ എത്തിയത്.
സമിതിയിലെ എംഎൽഎമാരായ ടി ജെ വിനോദ്, കുറുക്കോളി മൊയ്തീൻ, ജി സ്റ്റീഫൻ എന്നിവർ പങ്കെടുത്തു. എംഎൽഎമാരായ തോമസ് കെ തോമസ്, കെ ബാബു എന്നിവർ ഓൺലൈനിലും പങ്കെടുത്തു. ജില്ല കലക്ടർ എസ് ചന്ദ്രശേഖർ, എഡിഎം കെ കെ ദിവാകരൻ, സബ് കലക്ടർ സന്ദീപ് കുമാർ, അണ്ടർസെക്രട്ടറി വിജയ് അമൃത് രാജ്, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.