സ്കൂളുകൾക്കും ഗ്രന്ഥശാലകൾക്കും അനുവദിച്ച പുസ്തകങ്ങൾ വിതരണം ചെയ്തു. വിതരണത്തിന്റെ ഉദ്ഘാടനം തോട്ടത്തിൽ രവീന്ദ്രൻ എം. എൽ. എ നിർവഹിച്ചു. സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം എ ചന്ദ്രൻ മാസ്റ്റർ പുസ്തകം ഏറ്റുവാങ്ങി. കേരള നിയമസഭയുടെ നൂറാം വാർഷികത്തിന്റെ ഭാഗമായി അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ നിന്നും എംഎൽഎയുടെ പ്രാദേശിക വികസന നിധി ഉപയോഗിച്ചാണ് പുസ്തകങ്ങൾ വാങ്ങിയത്.

കോഴിക്കോട് നോർത്ത് നിയോജക മണ്ഡലത്തിൽ ഉൾപ്പെട്ട 13 ഗ്രന്ഥശാലകൾക്കും, അഞ്ച് ഹയർ സെക്കണ്ടറി സ്കൂളുകൾക്കുമാണ് പുസ്തകം വിതരണം ചെയ്തത്. 2,10000 രൂപയാണ് ഇതിനായി അനുവദിച്ചത്. നടക്കാവ് ഗേൾസ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന ചടങ്ങിൽ കോഴിക്കോട് കോർപ്പറേഷൻ വിദ്യാഭ്യാസ -കായിക സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ രേഖ സി അധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ എ.പ്രദീപ് കുമാർ മുഖ്യ പ്രഭാഷണം നടത്തി. സുരേഷ് ബാബു, നോർത്ത് മണ്ഡലം സെക്രട്ടറി പി നിഖിൽ, നടക്കാവ് ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൽ ബാബു തുടങ്ങിയവർ സംസാരിച്ചു. ഗ്രന്ഥശാലാ പ്രതിനിധികൾ, വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു.