അഞ്ചല്‍ ഗ്രാമപഞ്ചായത്തിലെ തഴമേല്‍ (പട്ടികജാതി) വാര്‍ഡിലെ ആകസ്മിക ഒഴിവ് നികത്തുന്നതിനുള്ള ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍പട്ടിക പുതുക്കുന്നത് സംബന്ധിച്ച് യോഗം ചേര്‍ന്നു. കരട് വോട്ടര്‍പട്ടിക സംബന്ധിച്ച അപേക്ഷകളും ആക്ഷേപങ്ങളും ഏപ്രില്‍ നാലിന് വൈകിട്ട് അഞ്ചുവരെ സ്വീകരിക്കും. ഇലക്ട്രല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍മാര്‍ തുടര്‍നടപടി സ്വീകരിച്ച് 28നകം അപ്‌ഡേഷന്‍ നടത്തണം. തുടര്‍ന്ന് അന്തിമ വോട്ടര്‍പട്ടിക 29ന് പ്രസിദ്ധീകരിക്കും.

വോട്ടര്‍പട്ടിക പുതുക്കുന്നതുമായി ബന്ധപ്പെട്ട് കോടതി തീര്‍പ്പില്ലെന്ന് ഉറപ്പാക്കണം. പോളിങ് -കൗണ്ടിങ് സ്റ്റേഷനുകളുടെ ഒരുക്കങ്ങള്‍, സുരക്ഷ എന്നിവ വിലയിരുത്തി റിപ്പോര്‍ട്ട് എപ്രില്‍ 13 നകം നല്‍കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ഉപതിരഞ്ഞെടുപ്പിനായി പ്രവാസികളുടെ വോട്ടര്‍പട്ടിക പ്രത്യേകം തയ്യാറാക്കണം. ഓണ്‍ലൈന്‍ അപേക്ഷകള്‍ www.lsgelection.kerala.gov.in വെബ്സൈറ്റില്‍ ലഭ്യമാണ്. നിശ്ചിത തീയതിക്കകം നേരിട്ടോ തപാലിലൂടെയോ ലഭിക്കുന്ന അപേക്ഷകളുടെ പകര്‍പ്പുകള്‍ പരിശോധിച്ച് തുടര്‍നടപടി സ്വീകരിക്കണം. ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ ടി ആര്‍ അഹമ്മദ് കബീര്‍ അധ്യക്ഷനായി. വരണാധികാരിയായ പത്തനാപുരം ഉപജില്ലാ വ്യവസായ ഓഫീസര്‍ സി പി സുനില്‍ചന്ദ്രന്‍, ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ ജെ മധുസൂദനന്‍ ഉണ്ണിത്താന്‍, അസിസ്റ്റന്റ് ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ തുളസീധരന്‍ നായര്‍, തദ്ദേശസ്ഥാപന പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.