പൊതുമേഖലയിൽ ഉത്പദിപ്പിക്കുന്നതിൽ ഏറ്റവും മികച്ച ഉത്പന്നങ്ങളാണ് റബ്‌കോ ഉത്പന്നങ്ങങ്ങളെന്നു സഹകരണ രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ. കോട്ടയം ഗാന്ധിനഗർ മാളിയേക്കൽ പവലിയനിൽ നടക്കുന്ന റബ്‌കോ ഉത്പന്നങ്ങളുടെ പ്രദർശന – വിപണന മേള ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി.

റബ്‌കോ ഉത്പന്നങ്ങൾ വിപണിയിൽ ലോകോത്തര നിലവാരം പുലർത്തുന്നതാണ്. ഉപയോക്താക്കളിലേക്ക് എത്തിക്കുന്ന ഉത്പന്നങ്ങളുടെ നിലവാരത്തിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് റബ്‌കോ തുടക്കം മുതൽ സ്വീകരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
റബ്‌കോ ഗ്രൂപ്പ് ചെയർമാൻ കാരായി രാജൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ചങ്ങനാശ്ശേരി അർബൻ കോ-ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് എ.വി. റസൽ ആദ്യ വിൽപന നടത്തി. ഏപ്രിൽ എട്ടുമുതൽ 28 വരെ നടക്കുന്ന മേളയിൽ റബ്‌കോയുടെ വിവിധങ്ങളായ ഉത്പന്നങ്ങളാണ് അവതരിപ്പിച്ചിരിക്കുന്നത്. റബ്‌കോയുടെ എല്ലാ ഉൽപ്പന്നങ്ങളും നേരിട്ട് പൊതു സമൂഹത്തിലേക്ക് എത്തിക്കുക എന്നതാണ് മേള ലക്ഷ്യമിടുന്നത്. വിഷു, ഈസ്റ്റർ, റംസാൻ എന്നിവ പ്രമാണിച്ച് ഉത്പന്നങ്ങൾക്ക് 25 ശതമാനം വരെ വിലക്കിഴിവും റബ്‌കോ പ്രഖ്യാപിച്ചിട്ടുണ്ട്.

കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ്, കേരള ദിനേശ്, റബ്‌കോ നുട്രി-കോ എന്നീ ഉത്പന്നങ്ങളുടെ സ്റ്റാളുകളും മേളയുടെ ഭാഗമായി ക്രമീകരിച്ചിട്ടുണ്ട്. റബ്‌കോ മെത്തകൾ, ടേബിൾ, കട്ടിൽ, കസേര, സെറ്റി മുതലായ ഫർണീച്ചർ ഉത്പന്നങ്ങൾ, ചെരിപ്പുകൾ, റബ്‌കോ നൂട്രീ-കോയുടെ വിവിധ ഉത്പന്നങ്ങൾ, ഖാദി, ദിനേശ് തുണിത്തരങ്ങൾ, കുടകൾ മുതലായ ഉൽപന്നങ്ങൾ മേളയിൽ ലഭ്യമാണ്.

കോട്ടയം നഗരസഭാംഗം എം.എം. ഷാജി, റബ്‌കോ ഗ്രൂപ്പ് ഡയറക്ടർമാരായ വി എം പ്രദീപ്, അനിത ഓമനക്കുട്ടൻ, കേരള സ്‌റ്റേറ്റ് പ്രവാസി സഹകരണസംഘം പ്രസിഡന്റ് മൂസ മാസ്റ്റർ, കോട്ടയം രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി മുൻ പ്രിൻസിപ്പൽ ഡോക്ടർ സി. സതീഷ് കുമാർ, റബ്‌കോ ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ പി വി. ഹരിദാസൻ എന്നിവർ പങ്കെടുത്തു.