സംസ്ഥാന സർക്കാരിന്റെ 3-ാം നൂറുദിന പരിപാടിയുടെ ഭാഗമായി സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷണൽ ടെക്നോളജി (SIET) വൊക്കേഷണൽ കോഴ്സുകൾക്കാവശ്യമായ സ്കിൽ അധിഷ്ഠിത ഡിജിറ്റൽ ഉള്ളടക്കങ്ങൾ നിർമ്മി ക്കുകയാണ്. നാഷണൽ സ്കിൽ ക്വാളിഫിക്കേഷൻ ഫ്രയിംവർക്ക് (NSQF) നെ അധികരിച്ച് ഡയറ്റിക് എയ്ഡ്, ഗ്രാഫിക് ഡിസൈനർ, സോളാർ ടെക്നിഷ്യൻ, സോഫ്റ്റ്വേയർ ഡെവലപർ, ലാബ് ടെക്നീഷ്യൻ, ഡ്രാഫ്റ്റ്സ്മാൻ, സെയിൽസ് അസോസിയേറ്റ്, ടൂർഗൈഡ്, ഡയറി ഫാർമർ, ഫാഷൻ ഡിസൈനർ തുടങ്ങി 47 ജോബ് റോളുകളാണ് ഇതിനായി തെരഞ്ഞെടുത്തിട്ടുള്ളത്. പദ്ധതിയുടെ ഉദ്ഘാടനം പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഏപ്രിൽ 12 ന് രാവിലെ 9.30ന് തിരുവനന്തുപുരം പി.എം.ജി ജംങ്ഷനിലുള്ള ഗവ. സിറ്റി വൊക്കേഷണൽ ഹയർസെക്കന്ററി സ്കൂളിൽ നിർവഹിക്കും. പദ്ധതിയുടെ ഭാഗമായി തയ്യാറാക്കുന്ന വീഡിയോകൾ, അനിമേഷനുകൾ എന്നിവ ഉൾപ്പെടുത്തിയുള്ള ലളിതമായ പാഠഭാഗങ്ങൾ തൊഴിൽ പഠനത്തിന് വിദ്യാർഥികളെ സഹായിക്കും. പൊതുവിദ്യാഭ്യാസ വകുപ്പ് വൊക്കേഷണൽ വിഭാഗത്തിലെ വിദ്യാർഥികൾക്ക് വേണ്ടി തയ്യാറാക്കുന്ന ഈ ഉള്ളടക്കങ്ങൾ താത്പര്യമുള്ള ഏതൊരാൾക്കും പ്രയോജനപ്പെടുത്താം. പരിപാടിയിൽ വി.കെ പ്രശാന്ത് എം.എൽ.എ അധ്യക്ഷത വഹിക്കും. പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ് മുഖ്യാതിഥിയായിരിക്കും.