തൊഴില്‍ അന്വേഷകര്‍ക്ക് തൊഴില്‍ നൈപുണ്യം ഉറപ്പാക്കാന്‍ തൊഴില്‍ വകുപ്പ് സംസ്ഥാനത്ത് 210 നൈപുണ്യ വികസന കേന്ദ്രങ്ങള്‍ ആരംഭിക്കുമെന്ന് പൊതുവിദ്യാഭ്യാസ, തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി. വര്‍ത്തമാന കാലഘട്ട വിദ്യാഭ്യാസത്തില്‍ ഡിജിറ്റല്‍ സാങ്കേതികവിദ്യ ഒഴിവാക്കാന്‍ സാധിക്കില്ലെന്നും മന്ത്രി പറഞ്ഞു. വൊക്കേഷണല്‍ കോഴ്സുകള്‍ക്ക് ആവശ്യമായ നാഷണല്‍ സ്‌കില്‍ ക്വാളിഫിക്കേഷന്‍ ഫ്രെയിം വര്‍ക്ക് (എന്‍.എസ്.ക്യു.എഫ്) അധിഷ്ഠിത ഡിജിറ്റല്‍ ഉള്ളടക്ക നിര്‍മ്മാണ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

വിദ്യാഭ്യാസ രംഗത്തെ സാങ്കേതികവിദ്യയുമായി ബന്ധപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളാണ് എസ്.ഐ.ഇ.ടി നടത്തിവരുന്നത്. വിദ്യാഭ്യാസത്തിനൊപ്പം തൊഴില്‍ ശേഷി വര്‍ദ്ധിപ്പിക്കാനാണ് പൊതു വിദ്യാഭ്യാസ വകുപ്പ് ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു. കൂടുതല്‍ വൊക്കേഷണല്‍ കോഴ്സുകള്‍ ചേര്‍ത്താണ് എന്‍.എസ്.ക്യു.എഫ്. നടപ്പാക്കുന്നത്. സംസ്ഥാനത്ത് 389 സ്‌കൂളുകളിലായി 1,101 ബാച്ചുകളില്‍ എന്‍.എസ്.ക്യു.എഫ്. തൊഴില്‍ കോഴ്സുകള്‍ ആരംഭിക്കും. രാജ്യത്തിലെ തന്നെ ഏറ്റവും വിപുലമായ തൊഴില്‍ അധിഷ്ഠിത വിദ്യാഭ്യാസ പദ്ധതിയാണ് ഇത്. കൃഷി മുതല്‍ സോഫ്‌റ്റ്വെയര്‍ ഡെവലപ്മെന്റ് കോഴ്സുകള്‍ വരെ നടപ്പാക്കാന്‍ എസ്.ഐ.ഇ.ടി.ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ ആരംഭിക്കുന്ന 210 സ്‌കില്‍ ഡെവലപ്മെന്റ് സെന്ററുകളില്‍ പരമ്പരാഗത തൊഴില്‍ കോഴ്സുകള്‍ക്ക് പുറമേ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പോലുള്ള സാങ്കേതികവിദ്യകളിലും പരിശീലനം നല്‍കും. ഇതിലൂടെ ആധുനിക ശേഷിയും ലോകനിലവാരവുമുള്ള യുവ സമൂഹത്തെ കേരളം വാര്‍ത്തെടുക്കുമെന്നും നവകേരളം എന്നത് യാഥാര്‍ത്ഥ്യമാകും എന്നും മന്ത്രി പറഞ്ഞു. വിഎച്ച്എസ്ഇ അധ്യാപകരുടെ സേവനം ഇതിനായി ഉപയോഗിക്കും.

ഘട്ടം ഘട്ടമായി 47 സ്‌കില്‍ കോഴ്സുകളിലേക്കുള്ള പഠന സഹായികള്‍ തയ്യാറാക്കാന്‍ എസ്. ഐ.ഇ.ടിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഈ പഠനസഹായികള്‍ സാമൂഹ്യമാധ്യമങ്ങള്‍ വഴി പഠിക്കാന്‍ താല്പര്യമുള്ള എല്ലാവര്‍ക്കും ലഭ്യമാക്കും. തൊഴില്‍ ലഭ്യത ഉറപ്പാക്കാന്‍ ഒട്ടേറെ നടപടികളുമായാണ് സര്‍ക്കാര്‍ മുന്നോട്ടു പോകുന്നതെന്ന് മന്ത്രി പറഞ്ഞു.

തിരുവനന്തപുരം സിറ്റി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന പരിപാടിയില്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ മേരി പുഷ്പം, എസ്.സി.ഇ.ആര്‍.ടി ഡയറക്ടര്‍ ഡോക്ടര്‍ ആര്‍.കെ ജയപ്രകാശ്, സ്‌കോള്‍ കേരള വൈസ് ചെയര്‍മാന്‍ ഡോ പ്രമോദ്, വി എച്ച് എസ് ഇ കരിക്കുലം ഡെപ്യൂട്ടി ഡയറക്ടര്‍ അനില്‍കുമാര്‍, സീമാറ്റ് കേരള ഡയറക്റ്റര്‍ വി.ടി സുനില്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എസ് ശ്രീകുമാര്‍, ഹെഡ്മിസ്ട്രസ് ജിജി എസ്, പിടിഎ പ്രസിഡന്‌റ് ജസ്റ്റിന്‍ സില്‍വസ്റ്റര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.