ഉത്സവ സീസണുകളില്‍ പൊതു വിപണിയിലെ ചൂഷണത്തില്‍ നിന്ന് സാധാരണക്കാരെ സംരക്ഷിക്കുന്നതാണ് സപ്ലൈകോ നടപ്പാക്കുന്ന വിഷു- റംസാന്‍ ഫെയറുകളെന്ന് ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി.ആര്‍ അനില്‍ പറഞ്ഞു. ശരാശരി 30 ശതമാനം വിലക്കുറവില്‍ തിരഞ്ഞെടുത്ത സപ്ലൈകോ ഔട്ട്ലെറ്റുകള്‍ വഴി അവശ്യ ഉല്‍പ്പന്നങ്ങള്‍ വിതരണം ചെയ്യുന്നുണ്ട്. തിരുവനന്തപുരം തമ്പാനൂര്‍ കെ.എസ്.ആര്‍.ടി.സി ടെര്‍മിനലിന് സമീപമുളള സപ്ലൈകോ ഔട്ട്ലെറ്റില്‍ വിഷു- റംസാന്‍ ഫെയറിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

വിലക്കയറ്റത്തില്‍ നിന്ന് ജനങ്ങളെ സംരക്ഷിക്കുകയെന്നത് സര്‍ക്കാര്‍ നയമാണ്. ഇതിന്റെ ഭാഗമായാണ് സംസ്ഥാനത്തുടനീളം വിഷു- റംസാന്‍ ഫെയറുകള്‍ സംഘടിപ്പിക്കുന്നത്. വിലക്കയറ്റം തടയാനും കുറഞ്ഞ വിലയില്‍ സാധനങ്ങള്‍ ലഭ്യമാക്കുന്നതിനുമായി കേന്ദ്രവുമായി നിരന്തര ഇടപെടലുകളാണ് നടത്തുന്നതെന്ന് മന്ത്രി പറഞ്ഞു. ഇതിന്റെ ഫലമായാണ് എഫ്.സി.ഐ വഴി 50 ശതമാനം പുഴുക്കലരിയും 50 ശതമാനം പച്ചരിയും ജനങ്ങള്‍ക്ക് ലഭ്യമാക്കാന്‍ ധാരണയായത്. വിഷു- റംസാന്‍ ഫെയറിന്റെ ആദ്യ വില്‍പ്പനയും മന്ത്രി നിര്‍വഹിച്ചു.

ഉത്സവ സീസണുകളില്‍ വിപണിവില വര്‍ധിക്കുന്നത് ജനങ്ങളെ ദുരിതത്തിലാക്കാറുണ്ട്. ഇതിന് പരിഹരമാകാന്‍ സംസ്ഥാനത്തുടനീളമുള്ള സപ്ലൈകോ ഫെയറുകള്‍ക്ക് സാധിക്കുമെന്ന് പരിപാടിയില്‍ അധ്യക്ഷനായ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു പറഞ്ഞു.

സപ്ലൈകോ വില്പന നടത്തുന്ന സബ്സിഡി, നോണ്‍ സബ്സിഡി ഉല്‍പ്പന്നങ്ങള്‍ ഫെയറുകളില്‍ ലഭ്യമാണ്. 10 മുതല്‍ 35 ശതമാനം വരെ വിലക്കുറവിലാണ് അവശ്യ സാധനങ്ങള്‍ ലഭ്യമാക്കുന്നത്. പഞ്ചസാര (39), ജയ അരി-സോര്‍ട്ടക്‌സ് (36), ബിരിയാണി അരി- സോന (44.50), മട്ട അരി സോര്‍ട്ടക്‌സ്(ഉണ്ട) – (40.50), മട്ട അരി -സോര്‍ട്ടക്‌സ്(വടി) – (44), കുറുവ അരി സോര്‍ട്ടക്‌സ് (36) എന്നീ വിലകളില്‍ ലഭിക്കും. തിരഞ്ഞെടുക്കപ്പെട്ട ശബരി ഉല്‍പ്പന്നങ്ങള്‍ക്കും കൂടുതല്‍ ആവശ്യക്കാരുള്ള മറ്റ് ചില ഉല്‍പ്പന്നങ്ങള്‍ക്കും പ്രത്യേക വിലക്കുറവ് ലഭിക്കും.

ഡെപ്യൂട്ടി മേയര്‍ പി.കെ. രാജു, സപ്ലൈകോ ചെയര്‍മാന്‍ ആന്‍ഡ് മനേജിങ് ഡയറക്ടര്‍ ഡോ. ശ്രീറാം വെങ്കിട്ടരാമന്‍, സപ്ലൈകോ തിരുവനന്തപുരം മേഖല മാനേജര്‍ ജലജ ജി.എസ്. റാണി തുടങ്ങിയവര്‍ പങ്കെടുത്തു.