സപ്ലൈകോയുടെ ആഭിമുഖ്യത്തിലുള്ള വിഷു-റംസാന്‍ ഫെയറുകള്‍ തുടങ്ങി. തെരഞ്ഞെടുക്കപ്പെട്ട സൂപ്പര്‍ മാര്‍ക്കറ്റുകള്‍ കേന്ദ്രീകരിച്ചാണ് ഫെയറുകള്‍ സംഘടിപ്പിക്കുന്നത്. ഭക്ഷ്യോല്‍പ്പന്നങ്ങള്‍ 10 മുതല്‍ 35 ശതമാനം വരെ വിലക്കിഴിവില്‍ ഫെയറുകളില്‍ ലഭ്യമാകും. അരി, പഞ്ചസാര എന്നീ ഇനങ്ങള്‍ക്കും തിരഞ്ഞെടുക്കപ്പെട്ട ഉപഭോക്തൃ ഇനങ്ങള്‍ക്കും ശബരി ഉല്‍പ്പന്നങ്ങള്‍ക്കും പ്രത്യേകം വിലക്കിഴിവ് ലഭിക്കും. ഉത്സവ സീസണുകളില്‍ വിലക്കയറ്റം നിയന്ത്രിക്കുന്നതിന് വിപണിയില്‍ ഇടപെടുകയെന്ന സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായാണ് സ്പെഷ്യല്‍ ഫെയറുകള്‍ സംഘടിപ്പിക്കുന്നത്. ഏപ്രില്‍ 21 വരെ ഫെയറുകള്‍ പ്രവര്‍ത്തിക്കും.

മാനന്തവാടി താലൂക്കിലെ വിഷു-റംസാന്‍ ഫെയര്‍ ഒ.ആര്‍. കേളു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റില്‍ നടന്ന ചടങ്ങില്‍ മാനന്തവാടി ഡിപ്പോ മാനേജര്‍ ഇ.എം സുമേഷ് അധ്യക്ഷത വഹിച്ചു. ഔട്ട്‌ലെറ്റ് മാനേജര്‍ എസ്.ജെ വിനോദ് കുമാര്‍, ജോഷി മാത്യു എന്നിവര്‍ സംസാരിച്ചു. കല്‍പ്പറ്റ സപ്ലൈകോ സൂപ്പര്‍മാര്‍ക്കിലെ ചന്ത ടി. സിദ്ദിഖ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ കല്‍പ്പറ്റ നഗരസഭ ചെയര്‍മാന്‍ മുജീബ് കേയംതൊടി അധ്യക്ഷത വഹിച്ചു. ഡിപ്പോ മാനേജര്‍ ആഭ രമേഷ്, കൗണ്‍സിലര്‍ പി.അബ്ദുള്ള, സൂപ്പര്‍മാര്‍ക്കറ്റ് ഓഫീസര്‍ ഇന്‍ ചാര്‍ജ്ജ് അബീഷ പുത്തലത്ത് എന്നിവര്‍ സംസാരിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ സി. ഷരീഫ ആദ്യവില്‍പ്പന നിര്‍വ്വഹിച്ചു. ബത്തേരി സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റില്‍ നഗരസഭ കൗണ്‍സിലര്‍ ഷമീര്‍ മഠത്തില്‍ ഫെയര്‍ ഉദ്ഘാടനം ചെയ്തു. സപ്ലൈകോ മാനേജര്‍ സി.ആര്‍ ഷിബു അധ്യക്ഷത വഹിച്ചു. ഡിപ്പോ മാനേജര്‍ ഷൈന്‍ മാത്യു, ജോബി.കെ വര്‍ഗീസ് തുടങ്ങിയവര്‍ സംസാരിച്ചു.