360 ഡിഗ്രി ആംഗിളില്‍ സെല്‍ഫി എടുക്കാന്‍ അവസരമൊരുക്കുകയാണ് എന്റെ കേരളം പ്രദര്‍ശന വിപണന മേളയിലെ ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍ വകുപ്പ് സ്റ്റാള്‍. നിരവധി ആളുകളാണ് കൗതുകകരമായ ഈ സെല്‍ഫി പിടുത്തത്തിന് എത്തുന്നത്. പരമാവധി നാല് പേര്‍ക്കാണ് 360 ഡിഗ്രി സെല്‍ഫി ബൂത്തില്‍ കയറാന്‍ കഴിയുക. ഫോട്ടോ സ്പിന്‍ 360 ഡിഗ്രി വീഡിയോ ക്യാം ബൂത്തില്‍ നില്‍ക്കുന്നവര്‍ക്ക് ചുറ്റും കറങ്ങി 360 ഡിഗ്രി ആംഗിളില്‍ സെല്‍ഫി എടുക്കാം. സ്റ്റാളില്‍ സജ്ജീകരിച്ചിട്ടുള്ള ക്യു.ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് രണ്ട് മിനിറ്റിനകം സെല്‍ഫി സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം. എന്റെ കേരളം പ്രദര്‍ശന മേളയില്‍ എത്തുന്നവരുടെ ആദ്യ ആകര്‍ഷണമായി താരമായിരിക്കുകയാണ് 360 ഡിഗ്രി ആംഗിള്‍ സെല്‍ഫി.

സര്‍ക്കാരിന്റെ വികസനനേട്ടങ്ങളുടെ ചിത്രങ്ങളും വീഡിയോകളും

കൂടാതെ കേരളം കൈവരിച്ച വികസന നേട്ടങ്ങള്‍ അടയാളപ്പെടുത്തി ചിത്രങ്ങളും വീഡിയോകളും പി.ആര്‍.ഡി സ്റ്റാളില്‍ ഒരുക്കിയിട്ടുണ്ട്. ചിത്രങ്ങള്‍ക്ക് താഴെയുള്ള ഡിജിറ്റല്‍ സ്‌ക്രീനില്‍ വികസനനേട്ടങ്ങളുടെ ഉള്‍പ്പെടെ വിശദാംശങ്ങള്‍ നല്‍കിയിട്ടുണ്ട്. വിദ്യാഭ്യാസം, ആരോഗ്യം, ക്ഷേമ പെന്‍ഷന്‍, ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം, കോവിഡ് വാക്സിനേഷന്‍, ഓണ്‍ലൈന്‍ വിദ്യാഭ്യാസം, സ്റ്റാര്‍ട്ടപ്പ് മിഷന്‍ തുടങ്ങിയ വിവിധ മേഖലകളിലെ സര്‍ക്കാരിന്റെ നേട്ടങ്ങളാണ് ചിത്രപ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സന്ദര്‍ശകര്‍ക്കായി ‘ഡിജിറ്റല്‍ ക്വിസ്’ മത്സരവും ഒരുക്കിയിട്ടുണ്ട്. വിജയികള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങളും നല്‍കുന്നുണ്ട്. കേരള സര്‍ക്കാരുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കി നറുക്കെടുപ്പിലൂടെ സമ്മാനങ്ങള്‍ സ്വന്തമാക്കാം. സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ചും ഭാവിയിലെ വികസന കാഴ്ചപ്പാടുകളെ കുറിച്ചും ജനങ്ങള്‍ക്ക് അഭിപ്രായങ്ങള്‍ പങ്കുവെക്കാനും അവസരമുണ്ട്.