കേന്ദ്ര സർക്കാറിന്റെ വിവിധ സാമൂഹിക സുരക്ഷാ ഇൻഷുറൻസ് സ്കീമുകളായ
പ്രധാനമന്ത്രി സുരക്ഷാ ബീമ യോജന (പിഎംഎസ്ബിവൈ), പ്രധാനമന്ത്രി ജീവൻ ജ്യോതി ബീമാ യോജന (പിഎംജെജെബി വൈ) പദ്ധതികളിൽ അംഗത്വം വർദ്ധിപ്പിക്കാനായി ജില്ലയിൽ പ്രത്യേക ക്യാമ്പയിൻ സംഘടിപ്പിക്കാൻ തീരുമാനം.
ജില്ലയിൽ സാമൂഹിക സുരക്ഷ ഇൻഷുറൻസ് പദ്ധതി അംഗത്വം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ജില്ലാ കലക്ടർ വിളിച്ചു ചേർത്ത വിവിധ ബാങ്ക് പ്രതിനിധികളുടെ യോഗത്തിലാണ് ഇൻഷുറൻസ് അംഗത്വം വർദ്ധിപ്പിക്കാൻ ആവശ്യമായ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തത്. വിവിധ സാമൂഹിക സുരക്ഷ സ്കീമുകളിൽ ചേരാൻ പഞ്ചായത്ത് തലത്തിൽ ഉൾപ്പടെ ക്യാമ്പുകൾ സംഘടിപ്പിക്കും. ക്യാമ്പയിൻ പ്രവർത്തനങ്ങൾ എളുപ്പമാക്കുന്നതിന്റെ ഭാഗമായി വിവിധ പഞ്ചായത്തുകളുടെയും നഗരസഭകളുടെയും ചുമതല വിവിധ ബാങ്കുകളെ ചുമതലപ്പെടുത്തി.
കുടുംബശ്രീ അംഗങ്ങൾ, വിവിധ ക്ഷേമനിധി ബോർഡ് അംഗങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ, സർക്കാർ ജീവനക്കാർ തുടങ്ങിയവരെ പ്രത്യേക ക്യാമ്പ് സംഘടിപ്പിച്ച് സ്കീമിൽ അംഗങ്ങളാക്കും. അക്ഷയ കേന്ദ്രങ്ങൾ, റേഷൻ കടകൾ, തീരപ്രദേശങ്ങൾ എന്നിവ കേന്ദ്രീകരിച്ചും അംഗത്വ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കും. ജില്ലയിൽ നാൽപ്പത് ലക്ഷം പേരെ സാമൂഹിക സുരക്ഷ സ്കീം പദ്ധതികളിൽ ചേർക്കാനാണ് ലക്ഷ്യമിടുന്നത്.യോഗത്തിൽ ജില്ലാ കലക്ടർ എ ഗീത അധ്യക്ഷത വഹിച്ചു. ജില്ലാ ലീഡ് ബാങ്ക് മാനേജർ ടി.എം. മുരളീധരൻ, ആർ ബി ഐ പ്രതിനിധി രജ്ഞിത്ത്, നബാർഡ് ഡി ഡി എം മുഹമ്മദ്, വിവിധ ബാങ്ക് പ്രതിനിധികൾ എന്നിവർ സംസാരിച്ചു.