സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് ജില്ലയിൽ സംഘടിപ്പിക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേള സർക്കാരിന്റെ വികസന കുതിപ്പിന്റെ നേർക്കാഴ്ചയാകും. ‘യുവതയുടെ കേരളം, കേരളം ഒന്നാമത്’ എന്ന വിഷയത്തിൽ മെയ് 12 മുതൽ 18 വരെ കോഴിക്കോട് ബീച്ചിലാണ് മേള സംഘടിപ്പിക്കുന്നത്. ഇതിനായി വിശാലമായ സൗകര്യങ്ങളാണ് ബീച്ചിൽ ഏർപ്പെടുത്തുക.

സംസ്ഥാന സർക്കാരിന്റെ വികസന, ക്ഷേമ നേട്ടങ്ങൾ, വിവിധ മേഖലകളിൽ നേടിയ മുൻനിര അംഗീകാരങ്ങൾ, ക്ഷേമ വികസന സംരംഭങ്ങൾ എന്നിവ പ്രമേയമാക്കിയുള്ള പ്രദർശനങ്ങളും വിവിധ വകുപ്പുകളുടെ സേവനങ്ങൾ, പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങൾ എന്നിവ ലഭ്യമാക്കുന്ന സ്റ്റാളുകളും മേളയിൽ ഉണ്ടാകും. കൂടാതെ, വാണിജ്യ സ്റ്റാളുകളും മേളയുടെ ഭാഗമാകും. ഐടി മേഖലയിൽ സംസ്ഥാനം നേടിയ വളർച്ച വ്യക്തമാക്കുന്ന ഐടി അധിഷ്ഠിത പ്രദർശനം, ടൂറിസം, കൃഷി, വ്യവസായം, വിദ്യാഭ്യാസ മേഖലയിലെ പുരോഗതി വ്യക്തമാക്കുന്ന പ്രത്യേക പവലിയൻ എന്നിവ മേളയുടെ ആകർഷണമാകും. സഹകരണ വകുപ്പും മേളയിൽ അണിനിരക്കും. ദേശീയ അന്തർദേശീയ തലത്തിൽ ശ്രദ്ധ പിടിച്ചുപറ്റിയ പ്രശസ്ത കലാകാരന്മാർ അണിനിരക്കുന്ന കലാപരിപാടികളും സാംസ്‌കാരിക പരിപാടികളും മത്സരങ്ങളും വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ സെമിനാറുകളും സംഘടിപ്പിച്ചിട്ടുണ്ട്.

മേളയുടെ നടത്തിപ്പിനായി 16 സബ് കമ്മിറ്റികൾ രൂപീകരിച്ചാണ് പ്രവർത്തനങ്ങൾ ആവിഷ്കരിക്കുന്നത്. ജില്ലയിലെ മന്ത്രിമാർ, എം പിമാർ, എം എൽ എമാർ, നഗരസഭ, പഞ്ചായത്ത് ഭാരവാഹികൾ, ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ അംഗങ്ങളായ കമ്മിറ്റികളാണ് മേളയുടെ വിജയത്തിനായി പ്രവർത്തിക്കുന്നത്.