പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ചെങ്ങമനാട് സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ തെറാപ്പി സെന്റർ ആരംഭിച്ചു. പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.വി പ്രദീഷ് ഉദ്ഘാടനം നിർവഹിച്ചു.

സ്വകാര്യമേഖലയിൽ ഫിസിയോതെറാപ്പി ചികിത്സയ്ക്ക് കൂടുതൽ തുക ചിലവ് വരുന്ന സാഹചര്യത്തിൽ സാധാരണക്കാർക്ക് സഹായമാവുക എന്ന ലക്ഷ്യത്തോടെയാണ് ഫിസിയോതെറാപ്പി സെന്റർ ആരംഭിച്ചിരിക്കുന്നത്. ആഴ്ചയിൽ ആറ് ദിവസം രാവിലെ ഒൻപത് മുതൽ ഉച്ചയ്ക്ക് ഒന്നു വരെ ഫിസിയോതെറാപ്പി സെന്ററിന്റെ സേവനം ലഭ്യമാകും. ഒരുമാസത്തെ ചികിത്സയ്ക്ക് 100 രൂപ മാത്രമായിരിക്കും രോഗികളിൽ നിന്ന് ഈടാക്കുക. ചികിത്സയ്ക്ക് ആവശ്യമായ ഉപകരണങ്ങളും സെന്ററിൽ സജ്ജീകരിച്ചിട്ടുണ്ട്.

ചടങ്ങിൽ ചെങ്ങമനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സെബാ മുഹമ്മദലി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യസ്ഥിര സമിതി അധ്യക്ഷൻ എം.ജെ ജോമി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാജൻ എബ്രഹാം, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ അഡ്വ. ഷബീർ അലി, സി. എം വർഗീസ്, ആനി കുഞ്ഞുമോൻ, മെഡിക്കൽ ഓഫീസർ വി.വി പുഷ്പ തുടങ്ങിയവർ പങ്കെടുത്തു.