എന്റെ കേരളം മെഗാ എക്‌സിബിഷനിൽ ജിംനാസ്റ്റിക്‌സ് പ്രകടനത്തിലൂടെ കാണികളെ കയ്യിൽ എടുത്ത് എം യു പി സ്‌കൂൾ മാട്ടൂലിലെ കൊച്ചു മിടുക്കികളും മിടുക്കൻമാരും. വിദ്യാലയത്തിലെ 40 വിദ്യാർത്ഥികളാണ് ജിംനാസ്റ്റിക്‌സ് പ്രകടനം നടത്തിയത്. സ്‌കൂൾ കായിക അധ്യാപകൻ ഇ തസ്‌ലിയുടെ ശിക്ഷണത്തിലാണ് വിദ്യാർഥികൾ അഭ്യസിക്കുന്നത്. സമഗ്ര ശിക്ഷാ ജില്ലാ പ്രോഗ്രാം ഓഫീസർ അശോകൻ ടി പി, മാടായി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ  ടി വി അജിത, മാടായി ബ്ലോക്ക്  പ്രോഗ്രാം കോ ഓർഡിനേറ്റർ എം വി വിനോദ് കുമാർ സ്‌കൂൾ ഹെഡ്മാസ്റ്റർ സി കൃഷ്ണൻ എന്നിവർ പങ്കെടുത്തു. പൊതുവിദ്യാഭ്യാസപ്രദർശന നഗരിയിൽ മാടായി ഉപജില്ലയിലെ ശാസ്ത്ര അധ്യാപകർ എം യു പി സ്‌കൂൾ മാട്ടൂലിലെ പി വി പ്രസാദും നെരുവമ്പ്രം യു പി സ്‌കൂൾ അധ്യാപകൻ ടി വി ബിജു മോഹനും ലഘുപരീക്ഷണങ്ങൾ അവതരിപ്പിച്ചു. സ്‌കൂൾ പ്രിൻസിപ്പൾ കെ രാജേഷിന്റെ നേതൃത്വത്തിൽ ചെറുതാഴം ജി എച്ച് എസ് എസിന്റെ വിദ്യാലയ മികവും മാടായി ഉപജില്ലാ വിദ്യാലയങ്ങളുടെ മികവും വിദ്യാഭ്യാസ പ്രദർശനത്തിൽ  അവതരിപ്പിച്ചു.