പൊതു ഇടങ്ങളെ പരമാവധി ജനങ്ങൾക്ക് ഉപയോഗപ്പെടുത്താവുന്ന രീതിയിൽ ആകർഷകമാക്കുന്നതിനും സൗന്ദര്യവത്കരിക്കുന്നതിനുമായി സംസ്ഥാനം മുഴുവൻ ഏകീകൃത സംവിധാനം നടപ്പിലാക്കുമെന്ന് പൊതുമരാമത്ത് വിനോദസഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. കാടാച്ചിറ ടൗൺ സൗന്ദര്യവത്കരണം, അനുബന്ധ പ്രവൃത്തികളായ ഓവുചാൽ നിർമ്മാണം, ഫുട്പാത്ത് കൈവരി സ്ഥാപിക്കൽ, ബസ് ഷെൽട്ടർ നിർമ്മാണം എന്നിവ പൂർത്തീകരിച്ചതിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
2020 ലാണ് കാടാച്ചിറ ടൗൺ സൗന്ദര്യവത്കരണത്തിനായി സർക്കാർ മൂന്ന് കോടി രൂപയുടെ ഭരണാനുമതി നൽകിയത്. ട്രാൻസ്ഫർമേഷൻ ഓഫ് പബ്ലിക് സ്‌പേസസ് എന്ന ആശയത്തിലാണ് ഒന്നര കിലോമീറ്റർ ദൈർഘ്യമുള്ള കാടാച്ചിറ റോഡിന്റെ ഇരുവശത്തും ഓവുചാൽ നിർമ്മിക്കുകയും നടപ്പാതകൾ നിർമ്മിക്കുകയും ചെയ്തത്. റോഡിന്റെ ഇരുവശമുള്ള ഷോൾഡറുകൾ ബിറ്റുമിനസ് സർഫേസിംഗ് നടത്തി വാഹനങ്ങൾക്ക് അടിയന്തരഘട്ടത്തിൽ റോഡരികിലേക്ക് പാർക്ക് ചെയ്യാനുള്ള അവസരം നൽകി. ജനസാന്ദ്രതയുള്ള ഭാഗങ്ങളിൽ കൈവരി, സൈക്കിൾ ട്രാക്ക് തുടങ്ങിയവ സ്ഥാപിച്ചു. ഇവ കൂടാതെ ചെറിയ യോഗങ്ങൾ നടത്തുന്നതിന് പൊതുവേദി, റോഡിന്റെ ഇരുവശത്തും അലങ്കാര തൂണുകൾ, കാടാച്ചിറ എച്ച്എസ്എസ്, സബ് രജിസ്ട്രാർ ഓഫീസ്, പോസ്റ്റ് ഓഫീസ് എന്നിവിടങ്ങളിൽ ബസ് ഷെൽട്ടറുകൾ എന്നിവയും സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി സ്ഥാപിച്ചിട്ടുണ്ട്.കാടാച്ചിറ എൽ പി സ്‌കൂളിൽ നടന്ന പരിപാടിയിൽ ഡോ. വി ശിവദാസൻ എം പി അധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ പി രാംകിഷോർ റിപ്പോർട്ട് അവതരിപ്പിച്ചു. കടമ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി വി പ്രേമവല്ലി, മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലൻ എന്നിവർ മുഖ്യാതിഥികളായി. മശൂദ് ചത്തോത്ത്, വി കെ റസാക്ക്, കെ വി ജയരാജൻ, എം പി ഹാരിഫ്, ശ്രീജ ഡി കെ, കെ ഗിരീശൻ, ഷാഹുൽഹമീദ്, നാവത്ത് ചന്ദ്രൻ, വി സി വാമൻ തുടങ്ങിയവർ സംസാരിച്ചു. പൊതുമരാമത്ത് വകുപ്പ് നിരത്തുകൾ വിഭാഗം എക്‌സിക്യൂട്ടീവ് എൻജിനീയർ എം ജഗദീഷ് സ്വാഗതവും എം സവിത നന്ദിയും പറഞ്ഞു.