കൗതുകം കൊണ്ട് ഉപയോഗിച്ച് തുടങ്ങി ഒടുവിൽ
ലഹരിക്കടിമയായി മാറുന്ന വിദ്യാർത്ഥിയുടെ കഥയിലൂടെ ലഹരിയുടെ ആപത്ത് വിളിച്ചോതുകയാണ് സ്നേഹപൂർവ്വം അമ്മ’ പാവ നാടകം. എന്റെ കേരളം മെഗാ എക്സിബിഷനിൽ കുഞ്ഞിമംഗലം ഗവ.ഹയർ സെക്കന്ററി സ്കൂളിലെ എൻ എസ് എസ് വിദ്യാർത്ഥികൾ അവതരിപ്പിച്ച പാവനാടകം കാണികളിൽ ഒരേ സമയം ചിന്തയും, അറിവും പകർന്നു.
കൗതുകം നിറച്ച് ചിരിച്ചും ചിന്തിച്ചും കുട്ടികളിലൂടെ ലഹരിയുടെ വിപത്തിനെ കുറിച്ച് സമൂഹത്തെ ബോധവത്കരിച്ചാണ് ഈ പാവനാടകം അരങ്ങുണർത്തിയത്.
സുഗതകുമാരിയുടെ സ്നേഹപൂർവ്വം അമ്മ എന്ന ലേഖനത്തെ ആസ്പദമാക്കിയാണ് പാവനാടകം ഒരുക്കിയത്.
അമ്മ മകന് കത്തെഴുതുന്ന രീതിയിലാണ് രംഗാവിഷ്ക്കാരം. ലഹരിയുടെ വിപത്ത് വൈകാരികമായി കുട്ടികളിലേക്ക് എത്തിക്കാൻ പാവനാടകത്തിന് സാധിച്ചു. വാട്ടർ ബോട്ടിലിൽ കടലാസ് ഒട്ടിച്ചാണ് പാവനാടകത്തിന്റെ ചിത്ര പണികൾ ചെയ്തത്. ശേഷം വസ്ത്രങ്ങളും , ആഭരണങ്ങളും അണിയിച്ചതോടെ കഥാപാത്രങ്ങൾക്ക് ജീവൻ പകർന്നു. പ്രമോദ് അടുത്തിലയാണ് പാവനാടകത്തിന്റെ സംവിധായകൻ. സ്കൂൾ പ്ലസ്ടു അദ്ധ്യാപകനും എഴുത്തുകാരനുമായ ഡോ.ജിനേഷ് കുമാർ എരമമാണ് പാവനാടകത്തിന്റെ രചന നിർവ്വഹിച്ചത്. അദ്ധ്യാപികയായ സിന്ധു പടോളിയാണ് നിർവ്വഹണ സഹായം നിർവഹിച്ചത്.