പന്തും ജീവിതവും പട വെട്ടുന്ന, പന്തിനെ ഹൃദയം കൊണ്ട് സ്നേഹിച്ച മനുഷ്യരുടെ കാഴ്ചകളിലേക്ക് മിഴികൾ തുറന്ന് ബൊളീവിയൻ സ്റ്റാർസ്. എന്റെ കേരളം മേളയിൽ ഞായറാഴ്ച അവതരിപ്പിച്ച നാടകത്തിന്റെ കേന്ദ്രം ഒരു ഗോൾ പോസ്റ്റ് ആണ്. ഫുട്ബോൾ ആണ് നാടകത്തിന്റെ ഭാഷ. നിലനിൽപ്പും മേൽവിലാസവും ലിംഗപരമായ അസ്തിത്വം പോലും ചോദ്യ ചിഹ്നമായ മനുഷ്യർക്ക് അഭയവും അത്താണിയുമാവുന്ന പന്തും അതിനൊപ്പം കറങ്ങുന്ന ജീവിതവും ആണ്  നാടകം പറയുന്നത്. വിപ്ലവം പഴുത്തു പാകമായി കൊഴിഞ്ഞു വീഴുന്ന ഒന്നല്ലെന്നും അത്‌ പറിച്ചെടുക്കുക തന്നെ വേണമെന്ന് വിപ്ലവ നക്ഷത്രം ചെ ഗുവേരയുടെ വാക്കുകൾ നിരന്തരം ഉരുവിട്ട് നാടകം ഉറക്കെ വിളിച്ചു പറയുന്നു.

പാലക്കാട് കൂറ്റനാട് ലിറ്റിൽ എർത്ത് സ്‌കൂൾ ഓഫ് തിയറ്റർ കേരളയുടെ നാടകം സംവിധാനം ചെയ്തത് അരുൺലാൽ. പി വി ഷാജി കുമാറിന്റെ കഥയെ ആസ്പദമാക്കിയാണ് നാടകം ഒരുക്കിയത്. സുരേഷ്, അഞ്ജു, ജിഷ്ണു, അഖിൽ, മിഥുൻലാൽ, സഞ്ജയ്, മജീദ്, മല്ലിക, അനീഷ് കുമാർ, അനീഷ് ശങ്കർ, സുദേവൻ, അബിൻ ബാബു, അജ്മൽ, അനന്തു, മോഹിത്, വിപിൻദാസ്, ശ്രീജിത്ത് എന്നിവരാണ് കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയത്.