മലപ്പുറം കത്തി മുതൽ അൾട്രാ മോഡൽ മെഷീൻ ഗൺ വരെ…ഇത് പഴയൊരു സിനിമ ഡയലോഗാണെങ്കിലും പിസ്റ്റൾ മുതൽ എ കെ 47 വരെ എന്നത് വെറും ഡയലോഗല്ല. എന്റെ കേരളം മെഗാ എക്‌സിബിഷനിൽ കണ്ണൂർ സിറ്റി പൊലീസ് ഒരുക്കിയ സ്റ്റാളിൽ എത്തിയാൽ ഇത് കാണാം.
എ കെ 47, താർ, ഇൻസാസ്, യു ബി ജി എൽ, ഇന്ത്യൻ നിർമ്മിത സ്‌നൈപ്പർ, മൾട്ടി ഷെൽ ലോഞ്ചർ, മെഷീൻ ഗൺ, പിസ്റ്റൾ തുടങ്ങിയ ആയുധങ്ങളും വിവിധ തരത്തിലുള്ള ഗ്രനേഡുകളും തോക്കിന്റെ തിരകളുമാണ് പ്രദർശനത്തിനുള്ളത്. ഏറ്റവും തിരക്കേറിയ സ്റ്റാളുകളിൽ ഒന്നാണിത്. ആയുധങ്ങൾ അടുത്തറിയാം എന്നതിനാലാണ് കൂടുതൽ പേരും ഇവിടെയെത്തുന്നത്.
കമ്പിയില്ലാ കമ്പി എന്നറിയപ്പെടുന്ന മോഴ്‌സ് കമ്മ്യൂണിക്കേഷനും പൊലീസിന്റെ ടെലി കമ്മ്യൂണിക്കേഷനും ഉപയോഗിക്കുന്ന ഉപകരണങ്ങളും ഇവിടെ കാണാം. പഴയ കാലത്ത് പ്രചാരത്തിൽ ഉണ്ടായിരുന്ന ആശയവിനിമയ രീതിയാണ് മോഴ്‌സ് കമ്മ്യൂണിക്കേഷൻ. ഇവയുടെ പ്രവർത്തനം സ്റ്റാളിലെത്തി സ്വയം ഉപയോഗിച്ച് പരിചയപ്പെടുന്നവരും കുറവല്ല.
പെൺകുട്ടികൾക്കും സ്ത്രീകൾക്കും അക്രമികളിൽ നിന്നും രക്ഷപ്പെടാനുള്ള സ്വയം പ്രതിരോധ അടവുകൾ പരിശീലിപ്പിക്കുന്നതിന് ജില്ലാ പൊലീസ് ഒരുക്കിയ സ്റ്റാളും പ്രയോജന പ്രദമാണ്. ആയുധങ്ങൾ ഉപയോഗിക്കാതെ നിമിഷങ്ങൾക്കകം അക്രമിയെ എങ്ങനെ നേരിടാം ദേഹോപദ്രവം ഏൽപ്പിക്കുന്നവരെ എങ്ങനെ കീഴ്‌പ്പെടുത്താം തുടങ്ങിയ കാര്യങ്ങൾ വനിതാ പോലീസുകാർ ഇവിടെ വിവരിക്കുന്നു.