സംസ്ഥാനത്തെ സമ്പൂർണ്ണ മാലിന്യമുക്ത സംസ്ഥാനമാക്കി മാറ്റുക സർക്കാർ ലക്ഷ്യം: മന്ത്രി എം.ബി. രാജേഷ്

സേവനങ്ങളുടെ, കാഴ്ചകളുടെ, വിസ്മയങ്ങളുടെ പ്രഭാപൂരമൊരുക്കി ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പ് വിവിധ വകുപ്പുകളുടെ സഹകരണത്തോടെ സംഘടിപ്പിച്ച ‘എന്റെ കേരളം-പ്രദര്‍ശന വിപണന മേള-2023’ സമാപിച്ചു. ഇന്ദിരാഗാന്ധി മുന്‍സിപ്പല്‍ സ്റ്റേഡിയം ഗ്രൗണ്ടില്‍ നടന്ന സമാപന സമ്മേളനം തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്തു. എ. പ്രഭാകരൻ എം. എൽ. എ അദ്ധ്യക്ഷനായി. യുവതയ്ക്ക് ആനന്ദിക്കാം എന്ന സന്ദേശം അടിസ്ഥാനമാക്കിയാണ് മേള സംഘടിപ്പിച്ചത്.

സംസ്ഥാനത്തെ സമ്പൂര്‍ണ്ണ മാലിന്യമുക്ത സംസ്ഥാനമാക്കി മാറ്റുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് തദ്ദേശസ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഡിസംബര്‍ 31നകം കേരളം സമ്പൂര്‍ണ്ണ മാലിന്യമുക്ത സംസ്ഥാനമായി മാറണം. മാലിന്യ സംസ്‌കരണത്തില്‍ അപമാനകരമായ ദൗര്‍ലഭ്യം കേരളത്തിന് ഉണ്ട്.  അത് സ്വയം വിമർശനമായി ഓരോരുത്തരും കണക്കാക്കണം. മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് ജനങ്ങളുടെ പൗരബോധവും മനോഭാവവും മാറണം. വലിച്ചെറിയൽ മുക്ത കേരളം എന്ന മുദ്രാവാക്യത്തിൽ മുന്നോട്ടുപോകണം. സർക്കാർ മാത്രം വിചാരിച്ചാൽ മാലിന്യമുക്ത സംസ്ഥാനമാക്കി മാറ്റാൻ കഴിയില്ല. എല്ലാ ജനങ്ങളുടെയും പിന്തുണയും സഹകരണം അതിനൊപ്പം ഉണ്ടാവണം. അവനവൻ ഉണ്ടാക്കുന്ന മാലിന്യം അവരവരുടെ ഉത്തരവാദിത്ത
മാണ് എന്ന് തിരിച്ചറിവിലൂടെ മാത്രമേ മാലിന്യമുക്ത സംസ്ഥാനം സൃഷ്ടിക്കാൻ സാധിക്കുകയുള്ളൂവെന്നും മന്ത്രി പറഞ്ഞു.

മാനവ വികസന സൂചികയിലും സാക്ഷരതയിലും കുറഞ്ഞ ശിശു- മാതൃമരണ നിരക്കിലും ആയുർദൈർഘ്യത്തിലുമെല്ലാം കേരളം ഏറെ മുന്നിലാണ്. ഇന്ത്യയിൽ ഏറ്റവും ദാരിദ്ര്യം കുറഞ്ഞ സംസ്ഥാനമാണ് കേരളം. കേരളത്തിന്റെ ദാരിദ്ര്യം നീതി ആയോഗിന്റെ കണക്കനുസരിച്ച് ഒരു ശതമാനത്തിൽ താഴെയാണ്. ഇന്ത്യയിൽ അതിദരിദ്രരുടെ എണ്ണത്തിലും ഏറ്റവും കുറവ് കേരളമാണെന്നും മന്ത്രി പറഞ്ഞു. ഈ സാമ്പത്തിക വർഷം സംസ്ഥാനത്തിന് 12 ശതമാനം വളർച്ച നേടാൻ സാധിച്ചു. വ്യാവസായിക വളർച്ചയിലും സർവ്വകാല റെക്കോർഡ് ആണ് സംസ്ഥാനം നേടിയത്. ദേശീയ വളർച്ചയെക്കാൾ ഇരട്ടി നേടാൻ സംസ്ഥാനത്തിന് കഴിഞ്ഞിട്ടുണ്ടെന്നും
സാമ്പത്തിക, വ്യാവസായിക, സംരംഭക വളർച്ചകളിൽ കേരളം മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ബഹുദൂരം മുന്നിലാണെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം മേഖലകളിൽ കേരളത്തിന് വലിയ മാറ്റം ഉണ്ടാക്കാൻ സാധിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

മികച്ച പത്ര റിപ്പോര്‍ട്ടിനുള്ള അവാര്‍ഡ് സുപ്രഭാതത്തിന്

എന്റെ കേരളം -2023 പ്രദർശന വിപണന മേളയിൽ മികച്ച പത്ര റിപ്പോര്‍ട്ടിനുള്ള അവാര്‍ഡ് ‘മനസ്സലിഞ്ഞ് നൽകുന്നതെന്തും മനസ്സറിഞ്ഞ് കൈമാറും’ എന്ന റിപ്പോർട്ടിന് സുപ്രഭാതം പത്രത്തിലെ പി.വി.എസ് ഷിഹാബിനെ തെരഞ്ഞെടുത്തു. മികച്ച വാര്‍ത്താ ചിത്രത്തിനുള്ള അവാര്‍ഡ് ദേശാഭിമാനി ഫോട്ടോഗ്രാഫർ പി.വി സുജിത്ത് കരസ്ഥമാക്കി. അഗ്നിരക്ഷാ വിഭാഗം ഒരുക്കിയ ബർമ്മ ബ്രിഡ്ജിന്റെ ചിത്രങ്ങളാണ് അവാർഡിന് അർഹമായത്.

മികച്ച ദൃശ്യ മാധ്യമ റിപ്പോർട്ടറിനുള്ള അവാർഡ് യു.ടി.വിയിലെ എം. മണികണ്ഠൻ കരസ്ഥമാക്കി. ചെറുധാന്യങ്ങളുടെ പ്രാധാന്യം, പാലക്കാടിന്റെ പ്രത്യേകതകൾ എന്നിവ മേളയിൽ പ്രതിഫലിച്ചതായി വ്യക്തമാക്കിയ റിപ്പോർട്ടിനാണ് അവാർഡ്. 24 ന്യൂസിലെ മുഹമ്മദ്‌ അർഷഖ് മികച്ച ദൃശ്യ മാധ്യമ ക്യാമറാമാനുള്ള അവാർഡ് നേടി. ഫയർ ഫോഴ്‌സിന്റെ ബർമ്മ ബ്രിഡ്ജിന്റെ ചിത്രീകരണത്തിനാണ് അവാർഡ്. മികച്ച ശ്രവ്യ മാധ്യമ റിപ്പോർട്ടിനുള്ള അവാർഡ് അഹല്യ റേഡിയോ കരസ്ഥമാക്കി. തദ്ദേശ സ്വയംഭരണ-എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് അവാർഡുകൾ കൈമാറി.

പരിപാടിയിൽ എം.എൽ.എമാരായ കെ. ബാബു, പി.പി സുമോദ്, അഡ്വ. കെ. പ്രേംകുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോൾ, ജില്ലാ കലക്ടർ ഡോ. എസ്. ചിത്ര, എ.ഡി.എം കെ. മണികണ്ഠൻ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ പ്രിയ കെ. ഉണ്ണികൃഷ്ണൻ, സാംസ്കാരിക ഉപസമിതി ചെയർമാൻ ടി.ആർ അജയൻ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.