ഇംഗ്ലീഷ്, ഹിന്ദി, അറബിക്, തമിഴ് തുടങ്ങിയ ബഹുമുഖ ഭാഷകളിൽ ഗിറ്റാറിൽ വിരലോടിച്ച് സാം ശിവ പാടി…റോക്കും പോപ്പും നിറഞ്ഞപ്പോൾ കണ്ണൂരും ഹാപ്പി. എന്റെ കേരളം മെഗാ എക്സിബിഷന്റെ ഭാഗമായാണ് സാം ശിവ ബാന്റ് മ്യൂസിക് ഷോ അവതരിപ്പിച്ചത്.
പോപ്പ് ശൈലി നെഞ്ചേറ്റുന്നവർക്കായി ഇംഗ്ലീഷ് ഗാനവുമായാണ് സാം വേദിയിലെത്തിയത്. എ ആർ റഹ്മാൻ ഹിറ്റുകളിൽ ഒന്നായ മുസ്തഫ…മുസ്തഫ പാടി കാണികളെ ത്രസിപ്പിച്ചു. ബോബ് മാർലിയുടെ ബഫലോ സോൾജിയേർസും ബ്രയാൻ ആഡംസിന്റെ സമ്മർ ഓഫ് 69നും പ്രകമ്പനം തീർത്തു. നാടൻ പാട്ടിന്റെ കെട്ടഴിച്ചതോടെ നിറഞ്ഞ സദസ് ഇളകി മറിഞ്ഞു. ചിന്ന ചിന്ന ആസൈ എന്ന ക്ലാസിക് ഇടി മുഴക്കത്തിന് ശേഷമുള്ള ചാറ്റൽ മഴപോലെയായി.
ഷഫീഖും ദേവ സൂര്യയുമാണ് ഒപ്പം ആലാപന മികവിലൂടെ ഉത്സവാന്തരീക്ഷം തീർത്തത്. ജോബി പയസ്( ലീഡ് ഗിറ്റാർ), ഡെൻസൻ ഫെർണാണ്ടസ് (ബേസ് ഗിറ്റാർ),  ജിയോ വാണി (കീബോർഡ്), ജയരാജ് (ഡ്രംസ് ) എന്നിവർ സംഗീത ഉപകരണങ്ങളിലൂടെ ഇന്ദ്രജാലം കാട്ടി. വിവിധ രാജ്യങ്ങളിൽ പരിപാടി അവതരിപ്പിക്കുന്ന സാം 25 ഭാഷകളിൽ പാടാറുണ്ട്.