രണ്ടാം പിണറായി സർക്കാർ അധികാരമേറ്റു രണ്ട് വർഷം പൂർത്തിയാകുമ്പോൾ പട്ടിക ജാതി വികസന വകുപ്പ് ജില്ലയിൽ നടപ്പാക്കിയത് 43,75, 07,336 കോടി രൂപയുടെ വികസനപ്രവർത്തനങ്ങൾ. 2021-2022, 2022-2023 സാമ്പത്തിക വർഷങ്ങളിലെ കണക്കാണിത്. ഇതിൽ എട്ടു മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനായി പഠനമുറി നിർമിക്കുന്നതിനായാണ് ഏറ്റവുമധികം തുക ചെലവഴിച്ചിട്ടുള്ളത്. 11.88 കോടി രൂപയാണ് കഴിഞ്ഞ രണ്ട് വർഷം കൊണ്ട് പദ്ധതിയ്ക്കായി ചെലവഴിച്ചിട്ടുള്ളത്.

ലൈഫ് പട്ടികയിൽ ഉൾപ്പെട്ട പട്ടികജാതി വിഭാഗക്കാരുടെ ഭൂരഹിത പുനരധിവാസ പദ്ധതിയിൽ 116 ഗുണഭോക്താക്കൾക്കായി 11.17 കോടി രൂപ ചെലവഴിച്ചു.

ദുർബല വിഭാഗങ്ങളുടെ പുനരധിവാസം ലക്ഷ്യമാക്കി വേടൻ, നായാടി, ചക്ലിയ, കല്ലാടി, അരുന്ധതിയാർ, എന്നീ അതിദുർബ്ബല വിഭാഗങ്ങൾക്ക് ഭവന നിർമ്മാണം, പഠനമുറി, ടോയ്ലറ്റ്, എന്നിവയ്ക്കായി 3.07 കോടി രൂപ ചെലവഴിച്ചിട്ടുണ്ട്.

അയ്യങ്കാളി ടാലന്റ് സെർച്ച് ആൻഡ് ഡെവലപ്മെന്റ് സ്‌കീം പദ്ധതിയിൽ മികച്ച വിദ്യാർത്ഥികൾക്കായി പ്രതിവർഷം നൽകുന്ന പഠന സ്‌കോളർഷിപ്പ് ഇനത്തിൽ 16.92 ലക്ഷം രൂപ വിതരണം ചെയ്തു.

എസ്എസ്എൽസി പരീക്ഷയിൽ മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികൾക്ക് മെഡിക്കൽ/എൻജിനീയറിംഗ് പ്രവേശന പരീക്ഷയ്ക്കൊരുങ്ങുന്നതിനായി ലക്ഷ്യ, വിഷൻ എന്നീ പേരുകളിൽ പദ്ധതി നടപ്പാക്കുന്നുണ്ട്. ഈ പദ്ധതികൾ പ്രകാരം 153 പേർക്കായി 49.84 ലക്ഷം രൂപ ധനസഹായം നൽകി.

സർക്കാർ എയ്ഡഡ് സ്‌കൂളുകളിൽ ഒന്നു മുതൽ എട്ട് വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് യൂണിഫോം, ബാഗ്, കുട എന്നിവ വാങ്ങുന്നതിനുള്ള പദ്ധതിയിൽ 22,773 പേർ ഗുണഭോക്താക്കളായി. 4.56 കോടി രൂപയാണ് പദ്ധതിയ്ക്കായി ഈ സർക്കാരിന്റെ കാലയളവിൽ ചെലവാക്കിയിട്ടുള്ളത്.

ഉന്നത വിദ്യാഭ്യാസ കോഴ്സുകളിൽ ഒന്നാം വർഷ വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പ് വാങ്ങുന്നതിനായി 14 ലക്ഷം രൂപ ചെലവഴിച്ചു. 56 വിദ്യാർത്ഥികൾ പദ്ധതിയുടെ ഗുണഭോക്താക്കളായി. പട്ടിക ജാതിക്കാരായ മെഡിക്കൽ വിദ്യാർത്ഥികൾക്ക് പഠന സഹായത്തിന് സ്റ്റെതസ്‌കോപ്പ് വാങ്ങുന്നതിനായി 65,145 രൂപ ചെലവഴിച്ചു.

സർക്കാർ എയ്ഡഡ് സ്ഥാപനങ്ങളിൽ വിവിധ കോഴ്സുകളിൽ പ്രവേശനം ലഭിക്കാത്തവർക്ക് പാരലൽ കോളജ് പഠനത്തിനുള്ള ധനസഹായമെന്നോണം 2021 -22 സാമ്പത്തിക വർഷം 1,50,000 രൂപ ചെലവഴിച്ചു.

അഭ്യസ്തവിദ്യരും തൊഴിൽ മേഖലയിൽ നൈപുണ്യവും പരിശീലനം ലഭിച്ചവരുമായ പട്ടികജാതി വിഭാഗത്തിൽപ്പെട്ട യുവതീ യുവാക്കൾക്ക് വിദേശത്ത് തൊഴിൽ നേടുന്നതിനും മറ്റുമായി 71.50 ലക്ഷം രൂപയുടെ പദ്ധതി നടപ്പാക്കി.

ഹൃദയശസ്ത്രക്രിയ, ക്യാൻസർ, ഹീമോഫീലിയ, പക്ഷാഘാതം തുടങ്ങിയ ഗുരുതര രോഗങ്ങളെ അഭിമുഖീകരിക്കുന്ന 701 പേർക്ക് ചികിത്സയ്ക്കായി 1.78 കോടി രൂപ ധനസഹായമായി നൽകി.

പട്ടികജാതി വിഭാഗത്തിൽപ്പെട്ട യുവതികളുടെ വിവാഹ ധനസഹായത്തിനായി 75000 രൂപ വീതം 726 പേർക്ക് 5.96 കോടി രൂപയും മിശ്രവിവാഹ ധനസഹായ പദ്ധതി വഴി 56 ഗുണഭോക്താക്കൾക്ക് 42 ലക്ഷം രൂപ വിതരണം ചെയ്തു.
ഏക വരുമാനദായകന്റെ മരണത്തിലൂടെ ആശ്രിതർക്ക് വകുപ്പ് മന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും ധനസഹായം ലഭ്യമാക്കുന്നതിലൂടെ 99 ഗുണഭോക്താക്കൾക്കായി 1.92 കോടി രൂപ ചെലവഴിച്ചു. 1989 ലെ അതിക്രമം തടയൽ നിയമപ്രകാരം അതിക്രമത്തിനിരയാകുന്നവർക്കുള്ള ആശ്വായ ധനസഹായം പദ്ധതിയിലൂടെ 20 ഗുണഭോക്താക്കൾക്ക് 29.5 ലക്ഷം രൂപ നൽകി. 2021 – 22 സാമ്പത്തിക വർഷം കോർപ്പസ് ഫണ്ട് വിഹിതം 70 ലക്ഷം രൂപ അനുവദിച്ചതിൽ 66.51 ലക്ഷം രൂപയും അംബേദ്കർ ഗ്രാമം പദ്ധതിയ്ക്കായി 9.50 ലക്ഷം രൂപയും ചെലവഴിച്ചു.