മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും
കേരള ഫോക് ലോർ അക്കാദമി സംഘടിപ്പിക്കുന്ന അന്യം നിന്നു പോകുന്ന കലാരൂപങ്ങളുടെ അവതരണം സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. ഏപ്രിൽ 19, വൈകുന്നേരം 5:30ന് വൈലോപ്പിള്ളി സംസ്‌കൃതി ഭവനിലാണ് ചടങ്ങ്. സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി നൂറുദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തിയാണ് സംഘടിപ്പിക്കുന്നത്. ചടങ്ങിൽ കലാകാരന്മാരെ മന്ത്രി ആദരിക്കും.
വി കെ പ്രശാന്ത് എംഎൽഎ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഫോക്‌ലോർ അക്കാദമി ചെയർമാൻ ഒ എസ് ഉണ്ണികൃഷ്ണൻ സ്വാഗതം പറയും. സാംസ്‌കാരിക വകുപ്പ് സെക്രട്ടറി മിനി ആന്റണി, ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാൻ ഷാജി എൻ കരുൺ, മലയാളം മിഷൻ ഡയറക്ടർ മുരുകൻ കാട്ടാക്കട,സൂര്യ കൃഷ്ണമൂർത്തി, വൈലോപ്പിള്ളി സംസ്‌കൃതിഭവൻ വൈസ് ചെയർമാൻ ജി എസ് പ്രദീപ്, കേരള ഫോക്‌ലോർ അക്കാദമി വൈസ് ചെയർമാൻ ഡോ. കോയ കാപ്പാട്, ഭാരത് ഭവൻ മെമ്പർ സെക്രട്ടറി പ്രമോദ് പയ്യന്നൂർ, ചലച്ചിത്ര അക്കാദമി സെക്രട്ടറി സി അജോയ്, വൈലോപ്പിള്ളി സംസ്‌കൃതി ഭവൻ സെക്രട്ടറി പ്രിയദർശൻ ലാൽ, ഗുരു ഗോപിനാഥ് നടന ഗ്രാമം സെക്രട്ടറി ഷബ്‌ന എസ് മേനോൻ, കേരള ഫോക്‌ലോർ അക്കാദമി നിർവാഹകസമിതി അംഗം കെ വി കുഞ്ഞിരാമൻ, വജ്രജൂബിലി ജില്ലാ കോഡിനേറ്റർ അപർണ പ്രേം, ഫോക്‌ലോർ അക്കാദമി സെക്രട്ടറി എ വി അജയകുമാർ തുടങ്ങിയവർ സംബന്ധിക്കും. തുടർന്ന് അന്യം നിന്ന് പോകുന്ന കലാരൂപങ്ങളിൽ ഉൾപ്പെട്ട ചാറ്റുപാട്ട്, ഊരാളി കൂത്ത്, കൊളവയാട്ടം, ചളിയൻ നൃത്തം, സർപ്പംപാട്ട് പുള്ളുവൻപാട്ട്, രാജസൂയം കോൽക്കളി തുടങ്ങിയ കലാരൂപങ്ങൾ അരങ്ങേറും.