കുട്ടമ്പുഴയിൽ വനസൗഹൃദ സദസ്സ് ചൊവ്വാഴ്ച ( ഏപ്രിൽ 18 ന്) രാവിലെ 11.30 ന് വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യും. വന- വനാതിർത്തികളോട് ചേർന്ന് വസിക്കുന്ന പൊതുജനങ്ങളുടെ പരാതികൾ പരിഹരിക്കുക, മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനുള്ള മാർഗ നിർദ്ദേശങ്ങൾ വിദഗ്ധരിൽ നിന്നും പൊതുജനങ്ങളിൽ നിന്നും സ്വീകരിക്കുക, വനം വകുപ്പ് കൈക്കൊള്ളുന്നതും സ്വീകരിച്ചു വരുന്നതുമായ പദ്ധതികളെക്കുറിച്ച് വിശദീകരിക്കുക തുടങ്ങിയ ലക്ഷ്യങ്ങളിലൂന്നിയാണ് വനസൗഹൃദ സദസ്സ് സംഘടിപ്പിക്കുന്നത്. സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ചാണ് ഇത്തരമൊരു കർമ്മപരിപരിപാടി നടപ്പിലാക്കുന്നത്.

കോതമംഗലം, പെരുമ്പാവൂർ, അങ്കമാലി നിയമസഭാ മണ്ഡലങ്ങളിലെ ജനപ്രതിനിധികളുമായും വിവിധ വകുപ്പ് ഉദ്യോഗസ്ഥരുമായും വനം മന്ത്രിയുടെ നേതൃത്വത്തിൽ രാവിലെ 9.30 മുതൽ ആമുഖ ചർച്ച നടത്തും. തുടർന്നാണ് വന സദസ്സ് നടക്കുക. കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് ടൗൺ ഹാളിൽ സംഘടിപ്പിച്ചിരിക്കുന്ന ചടങ്ങിൽ വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് മുഖ്യാതിഥിയാകും. ആന്റണി ജോൺ എം.എൽ.എ അധ്യക്ഷത വഹിക്കും. എം.പിമാരായ ബെന്നി ബഹനാൻ, ഡീൻ കുര്യാക്കോസ്, എം.എൽ.എ മാരായ എൽദോസ് കുന്നപ്പിള്ളിൽ, റോജി എം. ജോൺ, എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ടിബിനു, ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ്, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, വിവിധ രാഷ്ട്രീയ കക്ഷിപ്രതിനിധികൾ, തുടങ്ങിയവർ പങ്കെടുക്കും.