കലൂർ ജിസിഡിഎ മാർക്കറ്റ് നവീകരണ നിർമ്മാണോദ്ഘാടനം മന്ത്രി നിർവഹിച്ചു
കൊച്ചിയിലെ മാലിന്യ സംസ്കരണ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് എല്ലാവരുടെയും കൂട്ടായ പങ്കാളിത്തം ആവശ്യമാണെന്ന് തദ്ദേശസ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ്. കലൂർ ജിസിഡിഎ മാർക്കറ്റ് നവീകരണ നിർമ്മാണോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
കൊച്ചിയെ ഒരു ആധുനിക നഗരമാക്കി മാറ്റുമ്പോൾ ഒന്നാമത്തെ വെല്ലുവിളി മാലിന്യ പ്രശ്നം പരിഹരിക്കുക എന്നതാണ്. ഇത് പരിഹരിക്കേണ്ടത് സർക്കാരിൻ്റെയും കോർപ്പറേഷന്റെയും ഉത്തരവാദിത്വമാണ്. എന്നാൽ പൂർണമായും വിജയം നേടാൻ സർക്കാരിനും കോർപ്പറേഷനും ഒപ്പം കൊച്ചിയിൽ ജീവിക്കുന്ന ഓരോ വ്യക്തിയുടെയും പങ്കാളിത്തം ആവശ്യമാണെന്നും മന്ത്രി പറഞ്ഞു.
പൊതുജനങ്ങൾക്ക് മാലിന്യ സംസ്കരണത്തെക്കുറിച്ച് ശരിയായ ബോധവൽക്കരണം ആവശ്യമാണ്. ശരിയായ രീതിയിൽ നിയമം നടപ്പിലാക്കാൻ സാധിക്കണം. നഗരത്തിലെ 789 ഫ്ലാറ്റുകളിലെ മാലിന്യ സംസ്കരണ പദ്ധതിയെക്കുറിച്ച് സർക്കാർ നടത്തിയ അന്വേഷണത്തിൽ 511 ഫ്ലാറ്റുകളിലും ശരിയായ രീതിയിൽ മാലിന്യ സംസ്കരണം പദ്ധതികൾ നടപ്പിലാക്കിയിട്ടില്ല എന്നാണ് കണ്ടെത്തിയത്. ഇതിനെതിരെ കർശന നടപടിയാണ് സർക്കാർ സ്വീകരിക്കുന്നത്. മാലിന്യങ്ങൾ ഉറവിടത്തിൽ തന്നെ സംസ്കരിക്കുന്നതിനുള്ള സംവിധാനങ്ങൾ മാർക്കറ്റുകൾ, ഫ്ലാറ്റുകൾ, അപ്പാർട്ട്മെന്റുകൾ എന്നിവിടങ്ങളിൽ ഉണ്ടായിരിക്കണമെന്നും മന്ത്രി പറഞ്ഞു.
ഉറവിട മാലിന്യ സംസ്കരണ പ്ലാൻ്റ്, മഴവെള്ള സംഭരണി, മലിനജല സംസ്കരണ പ്ലാൻ്റ്, അഗ്നിശമന പ്രവർത്തികൾ, സർവീസ് ലിഫ്റ്റ്, ഫയർ ഫൈറ്റിംഗ് ടാങ്ക്, ഡ്രൈയിനേജ് സംവിധാനം എന്നിവ ഉൾപ്പെടുത്തിയാണ് കലൂർ മാർക്കറ്റിന്റെ നവീകരണ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതെന്നും മന്ത്രി പറഞ്ഞു. രണ്ടു നിലകളിലായി 25,000 ചതുരശ്ര അടിയിലാണ് മാർക്കറ്റ് നവീകരിക്കുന്നത്. താഴത്തെ നിലയിൽ പഴം/പച്ചക്കറികൾ, മാംസം, മത്സ്യം, അനുബന്ധ ഉൽപന്നങ്ങൾ, പലചരക്ക് എന്നിവയ്ക്കായി പ്രത്യേക ഇടങ്ങൾ സജ്ജമാക്കും. 66 കടമുറികളും 30 സ്റ്റോളുകളുമാണ് താഴത്തെ നിലയിൽ ഒരുങ്ങുന്നത്. ഒന്നാം നിലയിൽ ഓപ്പൺ റെസ്റ്റോറൻ്റ് അടക്കം 18 കടമുറികൾ വിവിധ ആവശ്യങ്ങൾക്കായി പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൊച്ചി സ്മാർട്ട് മിഷൻ ലിമിറ്റഡിന്റെ സഹകരണത്തോടെ 5.87 കോടി ചെലവഴിച്ചാണ് ജിസിഡിഎയുടെ നേതൃത്വത്തിൽ നവീകരണ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നത്. നാലുമാസം കൊണ്ട് പദ്ധതി പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.
ജിസിഡിഎ മാർക്കറ്റ് പരിസരത്ത് നടന്ന ചടങ്ങിൽ ഹൈബി ഈഡൻ എംപി, ടി ജെ വിനോദ് എംഎൽഎ, കൊച്ചി കോർപ്പറേഷൻ മേയർ അഡ്വ. എം അനിൽകുമാർ, കൊച്ചി സ്മാർട്ട് മിഷൻ ലിമിറ്റഡ് സിഇഒ എസ് ഷാനവാസ്, ജിസിഡിഎഎക്സിക്യൂട്ടീവ് അംഗം എ ബി സാബു, കൗൺസിലർമാരായ അഷിത യഹിയ, രജനി മണി, സി എ ഷക്കീർ , ജിസിഡിഎ സെക്രട്ടറി കെ എം ഗോപകുമാർ, ജിസിഡിഎ സൂപ്രണ്ടിംഗ് എൻജിനീയർ കെ ഷാജി തുടങ്ങിയവർ പങ്കെടുത്തു.