സംഭരണത്തിന് മുന്നോടിയായി ജില്ലയിലെ നെല്‍കര്‍ഷകരുടെ വിള പരിശോധന പൂര്‍ത്തിയാക്കി കൃഷി ഓഫീസര്‍മാര്‍ അഞ്ച് ദിവസത്തിനകം സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു. കൃഷി ഓഫീസര്‍മാര്‍ പരിശോധന പൂര്‍ത്തിയാക്കി സര്‍ട്ടിഫിക്കറ്റ് നല്‍കി പത്ത് ദിവസത്തിനകം സപ്ലൈകോ കര്‍ഷകരില്‍ നിന്നും നെല്ല് സംഭരിക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഒരു ഏക്കര്‍ സ്ഥലത്ത് നിന്നും 2500 കിലോ നെല്ല് സംഭരിക്കാന്‍ അനുമതി നല്‍കാമെന്നും 2500 കിലോയിലധികം വരുന്ന വിളയ്ക്ക് വെരിഫിക്കേഷന് ശേഷം അനുമതി നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ കലക്ടറുടെ ചേംബറില്‍ നടന്ന അവലോകന യോഗത്തില്‍ ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്ര, എ.ഡി.എം. കെ. മണികണ്ഠന്‍, ഡെപ്യൂട്ടി ഡയറക്ടര്‍ (കൃഷി) പി. സിന്ധുദേവി, പ്രിന്‍സിപ്പല്‍ അഗ്രികള്‍ച്ചറല്‍ ഓഫീസര്‍ (ഇന്‍ ചാര്‍ജ്) എല്‍.ആര്‍ മുരളി, ജില്ലാ സപ്ലൈ ഓഫീസ് സീനിയര്‍ സൂപ്രണ്ട് ജോസി ജോസഫ്, സപ്ലൈകോ അസിസ്റ്റന്റ് റീജിയണല്‍ മാനേജര്‍ കെ.എസ് സതീഷ് കുമാര്‍, പാലക്കാട് പാഡി മാര്‍ക്കറ്റിങ് ഓഫീസര്‍ ആര്‍. പ്രസന്ന കുമാര്‍, അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫ് അഗ്രികള്‍ച്ചര്‍ (മാര്‍ക്കറ്റിങ്) കെ.യു രാധിക, ചിറ്റൂര്‍ പാഡി മാര്‍ക്കറ്റിങ് ഓഫീസര്‍ ബി. ജഗന്നത്ത് എന്നിവര്‍ പങ്കെടുത്തു.