സംസ്ഥാനത്ത് ആദ്യമായി സൗജന്യ ഡയാലിസിസ് കേന്ദ്രം ആരംഭിക്കുന്ന ആദ്യ പഞ്ചായത്തായി ചേരാനെല്ലൂർ

പൊതുജനാരോഗ്യ രംഗത്ത് സമൂഹത്തിന്റെ പങ്കാളിത്തം ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി വീണാ ജോർജ്. ചേരാനെല്ലൂർ പഞ്ചായത്തിൽ ആരംഭിച്ച സൗജന്യ ഡയാലിസിസ് കേന്ദ്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

കേരളത്തിന്റെ ആരോഗ്യ സൂചകങ്ങള്‍ മികച്ചതാണ്. മാതൃമരണ നിരക്ക്, നവജാത ശിശു മരണനിരക്ക് എന്നിവ ഏറ്റവും കുറവാണ് കേരളത്തില്‍. ആയുര്‍ദൈര്‍ഘ്യം വളരെ കൂടുതലുമാണ്. ശരാശരി 76 വയസിനു മുകളിലാണ് കേരളത്തിന്റെ ആയുര്‍ദൈര്‍ഘ്യം. ജീവിതശൈലി രോഗങ്ങളാണ് നാം നേരിടുന്ന വെല്ലുവിളി. ജീവിക്കുന്ന വര്‍ഷങ്ങള്‍ രോഗമില്ലാതെ ആരോഗ്യത്തോടെ ജീവിക്കുകയെന്നതാണ് ഏറ്റവും പ്രധാനം.

ജീവിതശൈലി രോഗങ്ങളെ പ്രതിരോധിക്കുകയെന്നത് വളരെ പ്രധാനമാണ്. നവകേരളം രണ്ടാം ഘട്ടത്തിന്റെ ഭാഗമായി 30 വയസിനു മുകളിലുള്ളവര്‍ എല്ലാ വര്‍ഷവും പരിശോധന നടത്തുന്നതിനുള്ള പദ്ധതി തയാറായിട്ടുണ്ട്. ജീവിതശൈലി രോഗങ്ങള്‍ വരാന്‍ സാധ്യതയുണ്ടോ എന്ന് പരിശോധിക്കണം. ആരോഗ്യ കേന്ദ്രങ്ങളില്‍ ഇതിനായുള്ള സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഇവിടെ സൗജന്യമായ പരിശോധന നടത്തും. കാന്‍സര്‍ സാധ്യത പരിശോധിക്കാനുള്ള സൗകര്യത്തിനായി കാന്‍സര്‍ ഗ്രിഡ് എല്ലാ ജില്ലകളിലും രൂപീകരിച്ചിട്ടുണ്ട്.

രോഗം സങ്കീര്‍ണ്ണമാകുന്നത് ഒഴിവാക്കാന്‍ വ്യക്തിപരമായ ആരോഗ്യ സുരക്ഷയില്‍ ശ്രദ്ധിക്കണം. ചികിത്സയേക്കാള്‍ പ്രധാനമാണ് രോഗ പ്രതിരോധം എന്ന കാഴ്ചപ്പാടോടെ ഓരോ വ്യക്തിയുടെയും ജീവിത ഗുണനിലവാരം ഉറപ്പാക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തിവരികയാണ്. ഇതിനായാണ് വാര്‍ഷിക വൈദ്യ പരിശോധന ഏര്‍പ്പെടുത്തുന്നത്. ഒരു പഞ്ചായത്തിലെ ജനങ്ങളുടെ മെഡിക്കല്‍ രേഖകള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളിലുണ്ടാകും. തുടര്‍ പ്രവര്‍ത്തനങ്ങള്‍ ആരോഗ്യ പ്രവര്‍ത്തകര്‍ നടത്തും. ഇത്തരത്തിൽ സമൂഹത്തിന്റെ പങ്കാളിത്തം ഉറപ്പാക്കി മുന്നോട്ട് പോകുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

സത്യസായി ട്രസ്റ്റിന്റെ നേതൃത്വത്തിലാണ് ഡയാലിസിസ് കേന്ദ്രം ആരംഭിക്കുന്നത്. കേന്ദ്രത്തിലേക്കാവശ്യമായ ഡോക്ടർമാരുടെ സേവനം ലഭ്യമാക്കുന്നത് ആസ്റ്റർ മെഡിസിറ്റിയാണ്.

ടി ജെ. വിനോദ് എം.എൽ.എ. അധ്യക്ഷത വഹിച്ചു. ഹൈബി ഈഡൻ എം.പി. മുഖ്യാതിഥിയായി.

ചേരാനെല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേഷ്, സത്യസായി ഓർഫനേജ് ട്രസ്റ്റ് ചെയർമാൻ കെ. ആനന്ദകുമാർ,ആസ്റ്റർ റീജിയണൽ ഹെഡ് ഫർഹാൻ യാസിൻ, ഇടപ്പള്ളി ബ്ലോക്ക് പ്രസിഡന്റ്ട്രീസ മാനുവൽ, ജില്ലാ പഞ്ചായത്തംഗം യേശുദാസ് പറപ്പിളി, ചേരാനെല്ലൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ്ആരിഫ മുഹമ്മദ്, സായിഗ്രാം കോ-ഓഡിറേറ്റർ അനന്തകൃഷ്ണൻ, ഗാനരചയിതാവ് ചിറ്റൂർ ഗോപി തുടങ്ങിയവർ പങ്കെടുത്തു.