ആനിക്കാട് നീതി മെഡിക്കൽ സ്റ്റോർ ഉദ്ഘാടനം ചെയ്തു 

സംസ്ഥാനത്തെ എല്ലാ മേഖലകളുടെയും ഉണർവിന് സർക്കാരിനൊപ്പം സഹകരണ സംഘങ്ങളുടെ പിന്തുണയും അനിവാര്യമാണെന്ന് വ്യവസായ – നിയമ വകുപ്പ് മന്ത്രി പി. രാജീവ്‌ പറഞ്ഞു. ആനിക്കാട് ചിറപ്പടിയിലുള്ള നീതി മെഡിക്കൽ സ്റ്റോർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിരവധി വെല്ലുവിളികൾ നേരിടുമ്പോഴും കേരളത്തിലെ സഹകരണ സംഘങ്ങൾ ജനങ്ങൾക്ക് ഉപകാരപ്രദമായ രീതിയിലാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ആനിക്കാട് സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിലാണ് നീതി മെഡിക്കൽ സ്റ്റോറിന്റെ പ്രവർത്തനം. സാധാരണക്കാരായ ജനങ്ങൾക്ക് കുറഞ്ഞ നിരക്കിൽ മരുന്നുകൾ ലഭ്യമാക്കുകയാണ് ബാങ്കിന്റെ നേതൃത്വത്തിലുള്ള നീതി മെഡിക്കൽ സ്റ്റോറിന്റെ ലക്ഷ്യം. അലോപ്പതി മരുന്നുകൾ 15 മുതൽ 30 ശതമാനം വരെ വിലക്കുറവിൽ ഇവിടെ നിന്ന് ലഭ്യമാകും.

ബാങ്ക് പ്രസിഡന്റ് വി. കെ. ഉമ്മർ അധ്യക്ഷത വഹിച്ചു. എ. പി. വർക്കി മിഷൻ ഹോസ്പിറ്റൽ ചെയർമാൻ പി. ആർ. മുരളീധരൻ, പഞ്ചായത്ത്‌ പ്രസിഡന്റ് ഷെൽമി ജോൺസ്, മുൻ എം. എൽ. എ. എൽദോ എബ്രഹാം, ജില്ലാ ലൈബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി കെ. പി. രാമചന്ദ്രൻ, സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാർ ജയമോൻ യു. ചെറിയാൻ, പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് ജോർജ് തെക്കുംപുറം, ആവോലി അഗ്രികൾച്ചറൽ ഇംപ്രൂവ്മെന്റ് സൊസൈറ്റി പ്രസിഡന്റ് ജോർജ് മോനപ്പിള്ളി, ആവോലി മൾട്ടിപർപ്പസ് കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് കെ. ഇ. മജീദ്, ബാങ്ക് ഭരണ സമിതി അംഗങ്ങൾ, ബ്ലോക്ക്‌ -പഞ്ചായത്ത്‌ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.