ജീവിതശൈലി രോഗങ്ങൾക്കെതിരെ പ്രതിരോധം ശക്തമാക്കാനുള്ള നടപടികളാണ് ആരോഗ്യവകുപ്പ് നടത്തിവരുന്നതെന്ന് മന്ത്രി വീണാ ജോർജ്. മൂത്തകുന്നം സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ നവീകരിച്ച ഹൈടെക് ലാബിന്റെയും ഐ.പി റൂമിന്റെയും ഇമ്മ്യൂണൈസേഷൻ സെന്ററിന്റെയും മുളവുകാട്, ആവോലി പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും, ചിറ്റാറ്റുകര സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലും പ്രളയ പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ ഭാഗമായി പൂർത്തിയായ കെട്ടിടങ്ങളുടെ ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു മന്ത്രി.

ജീവിത ശൈലി രോഗങ്ങൾക്കെതിരെ പ്രതിരോധം തീർക്കുക എന്ന ലക്ഷ്യത്തോടെയാണ് വാർഷിക ആരോഗ്യ പരിശോധന സംസ്ഥാനത്ത് ആരംഭിച്ചത്. ഒരുകോടി പതിനൊന്നു ലക്ഷം പേരിൽ ശൈലി ആപ്പ് വഴി ഇതിനോടകം പരിശോധന പൂർത്തിയാക്കാൻ സാധിച്ചു. രോഗബാധിതർക്ക് കൃത്യമായ ചികിത്സ ഉറപ്പാക്കുക, രോഗ സാധ്യതയുള്ളവർക്ക് രോഗം വരാതിരിക്കാനുള്ള പ്രതിരോധ നടപടികൾ ഉറപ്പാക്കുക എന്നതാണ് ആരോഗ്യ പരിശോധനയുടെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു.

പൊതുജനങ്ങൾക്ക് ആശ്രയം ആകുന്ന സർക്കാർ ആരോഗ്യ കേന്ദ്രങ്ങളുടെ പരിവർത്തനമാണ് നവ കേരള കർമ്മ പദ്ധതിയുടെ ഭാഗമായി ആർദ്രം മിഷനിലൂടെ നടപ്പിലാക്കുന്നത്. ആധുനിക ചികിത്സ സംവിധാനങ്ങൾ സർക്കാർ ആശുപത്രികളിൽ സജ്ജമാക്കിയത് വഴി സാധാരണ ജനങ്ങൾക്കും മികച്ച ചികിത്സയാണ് സംസ്ഥാനത്ത് ലഭ്യമാകുന്നത്. സർക്കാർ ആശുപത്രികളെ ആശ്രയിക്കുന്നവരുടെ എണ്ണം ഇന്ന് ഗണ്യമായി വർദ്ധിച്ചു കഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു.

ആധുനിക ചികിത്സാരീതികൾ സർക്കാർ ആശുപത്രികളിൽ ലഭ്യമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് ക്യാൻസർ ചികിത്സാരംഗത്ത് റോബോട്ടിക് സർജറി ആരംഭിക്കും. ഈ സാമ്പത്തിക വർഷം തന്നെ തിരുവനന്തപുരം റീജണൽ ക്യാൻസർ സെന്ററിലും, മലബാർ ക്യാൻസർ സെന്ററിലും റോബോട്ടിക് ചികിത്സ സജ്ജമാക്കും. ക്യാൻസർ രോഗ നിർണയത്തിനായി എല്ലാ ജില്ലകളിലും കാൻസർ ഗ്രിഡ് രൂപീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി കൊച്ചി ചാപ്റ്ററിന്റെ (സി. ഐ. ഐ ഫൗണ്ടേഷന്റെ) നേതൃത്വത്തിലാണ് 2018ലെ പ്രളയത്തിൽ നാശനഷ്ടം സംഭവിച്ച മൂത്തകുന്നം ചിറ്റാറ്റുകര സാമൂഹ്യ ആരോഗ്യ കേന്ദ്രങ്ങളിലെയും, ആവോലി മുളവുകാട് കുടുംബാരോഗ്യ കേന്ദ്രങ്ങളിലും പുനരുദ്ധാരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്.

ചടങ്ങിൽ പ്രതിപക്ഷനേതാവ് അഡ്വ.വി. ഡി. സതീശൻ അധ്യക്ഷത വഹിച്ചു, ഹൈബി ഈഡൻ എം.പി മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിംന സന്തോഷ്, വൈസ് പ്രസിഡന്റ് കെ.എസ്. സനീഷ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബബിത ദിലീപ് കുമാർ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഗാന അനൂപ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുരേഷ് കുമാർ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എസ്. ശ്രീദേവി, കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി കേരള ചെയർമാൻ അജു ജേക്കബ്, എൻ.എച്ച്.എം ജില്ലാ പ്രോഗ്രാം ഓഫീസർ ഡോ. ആർ. നിഖിലേഷ് മേനോൻ, അഡീഷണൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. വിവേക് കുമാർ, മൂത്തകുന്നം സാമൂഹ്യ ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. എൻ.എസ്. സീന തുടങ്ങിയവർ പങ്കെടുത്തു.