2018 ലെ പ്രളയം തീര്‍ത്ത ദുരിതജീവിതത്തില്‍ നിന്നും മോചനം ലഭിച്ച സന്തോഷത്തിലാണ് പാലിയാണ, കൂവണ കോളനിവാസികള്‍. പ്രളയത്തില്‍ കൂവണ കോളനിയിലെ 14 കുടുംബങ്ങളുടെ വീടുകളാണ് തകര്‍ന്നു പോയത്. വീടുകള്‍ തകര്‍ന്നു പോയതിനാല്‍ പാലിയണ സ്‌കൂളിലും കരിങ്ങാരി സ്‌കൂളിലുമാണ് പിന്നീടുള്ള മാസങ്ങളില്‍ കൂവണ കോളനിവാസികള്‍ അന്തിയുറങ്ങിയത്. സ്‌കൂള്‍ തുറന്നപ്പോള്‍ മുതല്‍ ബന്ധപെട്ട അധികൃതര്‍ കൂവണക്കുന്നില്‍ നിര്‍മ്മിച്ച് നല്‍കിയ താത്ക്കാലിക ഷെഡുകളിലാണ് കോളനിവാസികള്‍ താമസിച്ചിരുന്നത്. നിന്ന് തിരിയാനിടമില്ലാത്ത നടയ്ക്കല്‍ കൂവണ കോളനിയില്‍ ദുരിതജീവിതം നയിച്ചിരുന്ന 14 കുടുംബങ്ങള്‍ക്കാണ് ആശ്വസമായി വീട് ലഭിച്ചത്.
പ്ലാസ്റ്റിക് ഷീറ്റുകള്‍ വലിച്ചു കെട്ടിയും അലുമിനിയം ഷീറ്റിട്ടും പൂര്‍ത്തിയാക്കിയ ചോര്‍ന്നൊലിക്കുന്ന വീടുകളില്‍ മൂന്നും നാലും കുടുംബങ്ങളായിട്ടായിരുന്നു ഇവര്‍ വര്‍ഷങ്ങളായി കഴിഞ്ഞിരുന്നത്.
ഇപ്പോള്‍ പുതിയ സ്ഥലത്ത് സ്വപ്ന ഭവനത്തില്‍ പുതിയ ജീവിതം തുടങ്ങാന്‍ കഴിയുന്നതിന്റെ ആത്മവിശ്വാസത്തിലാണ് കൂവണ കോളനിവാസികള്‍. കൂവണക്കുന്നിലെ പണിയ വിഭാഗത്തില്‍പ്പെടുന്ന 14 കുടുംബങ്ങള്‍ക്കാണ് ലാന്റ് ബാങ്ക് പദ്ധതിയില്‍ ഉള്‍പ്പെടുത്തി സ്വപ്ന ഭവനങ്ങള്‍ ഒരുങ്ങിയത്. കോളനിവാസികളായ ബാലന്‍, കാപ്പി കൈപ്പ, ബിന്ദു രവി, ശോഭ വിനോദ്, കുമാരന്‍, കല്യാണി ഗോപാലന്‍, ചുണ്ട ചുണ്ടന്‍, ചുണ്ട കയ്മ, വെള്ളി അമ്മിണി, ബിന്ദു ശശി, കയ്മ, മീന മാധവന്‍, അമ്മിണി പാറ്റ എന്നീ 14 കുടുംബങ്ങള്‍ക്കാണ് കണ്‍മുന്നില്‍ സ്വപ്നഭവനം ഒരുങ്ങിയത്. ദുരിതക്കെടുതിയിലായ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ തണലേകിയപ്പോള്‍ ദുരിതതീരത്ത് നിന്നും ആശ്വാസ തീരത്ത് എത്തിയതിന്റെ നിര്‍വൃതിയിലാണ് കൂവണ കോളനിവാസികള്‍.