സൂപ്പർ സ്പെഷ്യാലിറ്റി കേഡർ യാഥാർഥ്യമായി

ആരോഗ്യ വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള മെഡിക്കൽ കോളേജുകളിൽ മാത്രമുണ്ടായിരുന്ന സൂപ്പർ സ്പെഷ്യാലിറ്റി സേവനങ്ങൾ ആരോഗ്യ വകുപ്പിന്റെ ആശുപത്രികളിലും കൂടി യാഥാർഥ്യമാക്കിയതായി ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. ഇനിമുതൽ സൂപ്പർ സ്പെഷ്യാലിറ്റി കേഡറിലുള്ള ഡോക്ടർമാരുടെ സേവനം ജില്ലാ, ജനറൽ ആശുപത്രികളിൽ ലഭ്യമാകും. ആരോഗ്യവകുപ്പിലെ സൂപ്പർ സ്പെഷ്യാലിറ്റി യോഗ്യതയുള്ള ഡോക്ടമാരെ ഉൾപ്പെടുത്തിയാണ് പ്രത്യേക കേഡറിന് രൂപം നൽകിയത്. ഇതോടെ പൊതുജനാരോഗ്യ മേഖലയിൽ ഇവരുടെ സേവനം വ്യാപിപ്പിക്കാനാകും. ആർദ്രം പദ്ധതിയുടെ ഭാഗമായി ആശുപത്രികളുടെ അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സൂപ്പർ സ്പെഷ്യാലിറ്റി സേവനങ്ങൾ അനുവദിച്ചതെന്നും മന്ത്രി വ്യക്തമാക്കി.
നിലവിൽ ആരോഗ്യ വകുപ്പിന് കീഴിലുള്ള ആശുപത്രികളിൽ അഡ്മിനിസ്ട്രേറ്റീവ് കേഡർ, സ്പെഷ്യാലിറ്റി കേഡർ, ജനറൽ കേഡർ എന്നിങ്ങനെ മൂന്ന് കേഡറുകളാണുള്ളത്. ഭരണനിർവഹണത്തിന് വേണ്ടിയുള്ളതാണ് അഡ്മിനിസ്ട്രേറ്റീവ് കേഡർ. മെഡിസിൻ, സർജറി, ഗൈനക്കോളജി തുടങ്ങിയ വിഭാഗങ്ങളെ ഉൾക്കൊള്ളിച്ചാണ് സ്പെഷ്യാലിറ്റി കേഡർ. താലൂക്ക് ആശുപത്രികൾ മുതൽ മുകളിലോട്ടുള്ള ആശുപത്രികളിൽ സ്പെഷ്യാലിറ്റി കേഡർ ഉണ്ട്. പ്രാഥമികാരോഗ്യ കേന്ദ്രം, കുടുംബാരോഗ്യ കേന്ദ്രം, കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ എന്നിവിടങ്ങളിൽ ജോലി നോക്കുന്നതിനായാണ് ജനറൽ കേഡർ തസ്തിക. ഇതുകൂടാതെയാണ് പുതുതായി സൂപ്പർ സ്പെഷ്യാലിറ്റി കേഡറിന് രൂപം നൽകിയത്.
പി.ജി. യോഗ്യതയ്ക്കുശേഷം വിവിധ വിഷയങ്ങളിൽ ഡി.എം, എം.സി.എച്ച്, തത്തുല്യ ഡി.എൻ.ബി. യോഗ്യതയുള്ളവരെ ഉൾപ്പെടുത്തിയാണ് സൂപ്പർ സ്പെഷ്യാലിറ്റി കേഡറിന് രൂപം നൽകിയത്. സൂപ്പർ സ്പെഷ്യാലിറ്റി കേഡറായതിനാൽ തന്നെ സൂപ്പർ സ്പെഷ്യാലിറ്റി യോഗ്യത കരസ്ഥമാക്കിയ തീയതി മാനദണ്ഡമാക്കിയാണ് സീനിയോരിറ്റി കണക്കാക്കുന്നത്.
ഇതിന്റെ ഭാഗമായി 16 സൂപ്പർ സ്പെഷ്യാലിറ്റി തസ്തികകളാണ് സൃഷ്ടിച്ചത്. കാർഡിയോളജി, ന്യൂറോളജി, നെഫ്റോളജി എന്നീ നാല് വിഭാഗങ്ങളിലായി ചീഫ് കൺസൾട്ടന്റ്, സീനിയർ കൺസൾട്ടന്റ്, കൺസൾട്ടന്റ് തുടങ്ങിയ തസ്തികകളിലാണ് കേഡറിൽ നിയമനം നടത്തിയത്. കരട് ഭേദഗതിയുടെ അടിസ്ഥാനത്തിൽ സൂപ്പർ സ്പെഷ്യാലിറ്റി യോഗ്യതയുള്ള ആരോഗ്യ വകുപ്പിൽ തുടരുന്ന മെഡിക്കൽ ഓഫീസർമാരിൽ നിന്നും ഓപ്ഷൻ സ്വീകരിച്ച് കരട് സീനിയോരിറ്റി ലിസ്റ്റിൽ നിന്നാണ് പുതുതായി താത്ക്കാലിക നിയമനങ്ങൾ നടത്തിയത്.