സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ‘കരുതലും കൈത്താങ്ങും’ താലൂക്ക്തല അദാലത്തുകളുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഏപ്രിൽ 30ന് രാവിലെ 11 മണിക്ക് കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജിൽ നിർവഹിക്കും. മന്ത്രിമാർ, എംഎൽഎ മാർ, ജനപ്രതിനിധികൾ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.

ജില്ലയിൽ മേയ് രണ്ടു മുതൽ എട്ട് വരെയാണ് അദാലത്തുകൾ നടക്കുക. റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ, ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്, വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ, തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ എന്നിവരുടെ നേതൃത്വത്തിലാണ് താലൂക്ക്തല അദാലത്തുകൾ നടക്കുന്നത്.

താലൂക്ക്തല അദാലത്തിലേക്ക് 4207 പരാതികളാണ് ലഭിച്ചത്‌. കോഴിക്കോട് താലൂക്കിൽ 1451, കൊയിലാണ്ടി -1117, വടകര – 1039, താമരശ്ശേരി – 600 പരാതികളാണ് ലഭിച്ചത്. സാമൂഹികക്ഷേമ പെൻഷൻ കുടിശ്ശിക, തെരുവുനായ ശല്യം ഉൾപ്പെടെ തദ്ദേശ സ്വയം ഭരണവകുപ്പുമായി ബന്ധപ്പെട്ട പരാതികളാണ് ലഭിച്ചവയിൽ ഏറെയും.1218 പരാതികളാണ് വകുപ്പുമായി ബന്ധപ്പെട്ട് ലഭിച്ചത്.

സിവിൽ സപ്ലെെസ് വകുപ്പിൽ 322 പരാതികളാണ് ലഭിച്ചത്. അഡീഷണൽ ഡിസ്ട്രിക് മജിസ്ട്രേറ്റ് 273, റെവന്യൂ ഡിവിഷണൽ ഓഫീസർ 117 എന്നിവിടങ്ങളിലാണ് നൂറിൽ കൂടുതൽ പരാതികൾ ലഭിച്ചത്. സോഷ്യൽ ജസ്റ്റിസ് ഡയറക്ട്രേറ്റിൽ 78, വടകര ആർ.ഡി.ഒയിലും അ​ഗ്രിക്കൾച്ചറൽ ആന്റ് ഫാമേഴ്സ് വെൽഫെയറിലുമായി 64 വീതം പരാതികളും ലഭിച്ചു.

കോഴിക്കോട് താലൂക്ക് അദാലത്ത് മേയ് രണ്ടിന് മലബാർ ക്രിസ്ത്യൻ കോളേജിലും താമരശ്ശേരി താലൂക്ക് അദാലത്ത് മേയ് നാലിന് താമരശ്ശേരി ഗവ.യുപി സ്കൂളിലും കൊയിലാണ്ടി താലൂക്ക് അദാലത്ത് മേയ് ആറിന് കൊയിലാണ്ടി ടൗൺഹാളിലും വടകര താലൂക്ക് അദാലത്ത് മേയ് എട്ടിന് വടകര ടൗൺഹാളിലും നടക്കും. രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയാണ് അദാലത്തുകൾ നടക്കുക.